ബംഗളൂരു വിമാനത്താവളത്തിന് സമീപം സ്ഫോടനം: ആറുപേർക്ക് പരിക്ക്

Tuesday 08 June 2021 12:00 AM IST

ബംഗളൂരു: ബംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ ആറു തൊഴിലാളികൾക്ക് പരിക്കേറ്റു. വിമാനത്താവളത്തിലെ രണ്ടാമത്തെ ടെർമിനലിന്റെ അണ്ടർപാസിന് സമീപമുള്ള പ്ലാസ്റ്റിക് മെഷീനിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ തൊഴിലാളികളിൽ അജയ് കുമാർ, സിറാജ് എന്നിവർക്ക് 40 ശതമാനം പൊള്ളലേറ്റതായാണ് വിവരം. ഇവരുടെ നില ഗുരുതരമാണ്.

പരിക്കേറ്റ മറ്റുള്ളവരെ വിക്‌ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

എയർപോർട്ട് ടെർമിനലിലേക്ക് പോകുന്ന റോഡുകളിൽ സീബ്ര ക്രോസിംഗും അടയാളങ്ങളും വരയ്ക്കാൻ തൊഴിലാളികൾ തെർമോ പ്ലാസ്റ്റിക് റോഡ് മാർക്കിംഗ് യന്ത്രം ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പെയിന്റ് വസ്തുക്കൾ സംഭരിച്ചു വച്ചിരുന്നതിൽ നിന്ന് ഓവർസ്‌പ്രേ ചുറ്റുമുള്ള പ്രദേശത്തെ വായുവുമായി കലർന്ന് അനിയന്ത്രിതമായി അടിഞ്ഞുകൂടിയത് ഒരു സ്‌ഫോടനത്തിലേക്ക് നയിച്ചതാകാമെന്നാണ് പൊലീസ് വിലയിരുത്തൽ.