ധവളപത്രം വേണമെന്ന് പ്രതിപക്ഷം

Tuesday 08 June 2021 1:12 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് പ്രതിപക്ഷത്ത് നിന്ന് പി.സി.വിഷ്ണുനാഥ് നിയമസഭയിൽ ആവശ്യപ്പെട്ടു. ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മുമ്പ് പ്രഖ്യാപിച്ച 20,000 കോടിയുടെ പാക്കേജിൽ കൂടുതലും കരാറുകാർക്കുള്ള കുടിശ്ശിക കൊടുക്കാനാണ് ഉപയോഗിച്ചത്. 20,000 കോടി രൂപയുടെ കൊവിഡ് പാക്കേജിൽ അധിക ധനാഭ്യർത്ഥന 4,000 കോടിക്ക് മാത്രമാണ്. ബാക്കി 16,000 കോടി രൂപയും കമ്മിറ്ര‌ഡ് എക്സ്പെൻഡിച്ചർ ആണെന്ന് അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല ഹരിപ്പാട് ജയിച്ചത് ബി.ജെ.പി സഹായം കൊണ്ടാണെന്ന് പി.എസ്. സുപാൽ ആരോപിച്ചു. കൊടകര കുഴൽപ്പണ കേസ് പരാമർശിച്ച അദ്ദേഹം ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ ശക്തമായി വിമർശിച്ചു. കർണാടകയിലെ ഉപമുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് മഞ്ചേശ്വരത്തെ ജനത തോല്പിച്ചതെന്ന് എ.കെ.എം. അഷറഫ് പറഞ്ഞു. കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ടി.വി. ഇബ്രാഹിം ആവശ്യപ്പെട്ടു.

ജില്ലകളിലെല്ലാം വിവിധ സാംസ്കാരിക നായകർക്കായി സ്മാരകം ഉണ്ടാക്കുന്ന സർക്കാർ മോയിൻകുട്ടി വൈദ്യരെ മറന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വി.ആർ. സുനിൽകുമാർ, കെ.ജെ. മാക്സി, കോവൂർ കുഞ്ഞുമോൻ, പി.ജെ.ജോസഫ്, കെ.ബാബു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Advertisement
Advertisement