'ലക്ഷദ്വീപിൽ ബയോ വെപ്പൺ ആയി കൊവിഡിനെ ഉപയോഗിച്ചു'; ആയിഷ സുൽത്താന രാജ്യദ്രോഹപരമായ പരാമർശം നടത്തിയെന്നാരോപിച്ച് പൊലീസിൽ പരാതി 

Tuesday 08 June 2021 7:04 PM IST

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ യുവ സംവിധായിക ആയിഷ സുൽത്താന രാജ്യദ്രോഹപരമായ പരാമർശം നടത്തിയെന്നാരോപിച്ച് യുവമോർച്ചാ സംസ്ഥാന സെക്രട്ടറി അഡ്വ. ബി ജി വിഷ്ണു. ഇക്കാര്യവുമായി ബന്ധപ്പെട്ട് യുവമോർച്ചാ നേതാവ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുമുണ്ട്.

ഒരു മലയാള വാർത്താ ചാനലിലെ ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ 'ബയോ വെപ്പൺ' ആയി കൊവിഡിനെ ഉപയോഗിച്ചു എന്ന പ്രസ്താവന ലക്ഷദ്വീപ് സ്വദേശിയായ സംവിധായക നടത്തി എന്നാണ് വിഷ്ണു തന്റെ പരാതിയുടെ ആരോപിക്കുന്നത്. ഇക്കാര്യം താൻ കൂടി പങ്കെടുത്ത ചർച്ചയ്ക്കിടെ ആയിഷ പലതവണ ആവർത്തിച്ചുവെന്നും സംവിധായികയുടെ ഈ പരാമർശം അങ്ങേയറ്റം രാജ്യദ്രോഹപരമാണെന്നും യുവമോർച്ചാ നേതാവ് പറയുന്നു.

ലക്ഷദ്വീപിലെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ദ്വീപ് അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്കെതിരെ(എസ് ഒ പി) ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ട ഹർജി തള്ളിയതാണെന്ന കാര്യം ആയിഷ സുൽത്താനയ്ക്ക് അറിയാവുന്നതാണ്. എന്നിട്ടും അറിഞ്ഞുകൊണ്ട് അവർ അസത്യ പ്രചാരണം നടത്തുകയാണ്. യുവമോർച്ചാ സംസ്ഥാന സെക്രട്ടറി പറയുന്നു

മതസാമൂഹിക സ്പർദ്ധ വാരത്തുന്നതിനായും, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ തകർക്കുന്നതിനായും, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുന്നതിനായുമാണ് സംവിധായിക ഇത്തരത്തിലെ പ്രസ്താവന നടത്തിയത്. ബി ജി വിഷ്ണു ആരോപിച്ചു.കൊവിഡ് മഹാമാരിക്കെതിരെ നടക്കുന്ന പ്രവർത്തനങ്ങളെ അട്ടിമറിക്കാനും കൂടി വേണ്ടിയാണ് അയിഷ സുൽത്താന ഈ പ്രസ്താവന നടത്തിയതെന്നും ബി ജി വിഷ്ണു തന്റെ പരാതിയിൽ പറയുന്നുണ്ട്. ചർച്ചയുടെ വീഡിയോ ക്ലിപ്പിന്റെ ലിങ്കും യുവമോർച്ചാ നേതാവ് നൽകിയിട്ടുണ്ട്.

Advertisement
Advertisement