ആധുനിക അമ്മത്തൊട്ടിൽ... മുടക്കാൻ പണമില്ല, മുടന്തുന്നു പ്രതീക്ഷ

Wednesday 09 June 2021 12:00 AM IST

കേന്ദ്ര ഫണ്ട് ലഭിക്കില്ല, സംസ്ഥാന സഹായവും കിട്ടിയില്ല

ആലപ്പുഴ: ശിശുക്ഷേമ സമിതികളുടെ പ്രവർത്തനങ്ങൾക്കുള്ള ഗ്രാൻഡ് കേന്ദ്രസർക്കാർ മരവിപ്പിച്ചതിനാൽ, ആധുനിക സൗകര്യങ്ങളോടെ ആലപ്പുഴയിൽ അമ്മത്തൊട്ടിൽ സ്ഥാപിക്കാനുള്ള ജില്ലാ ശിശുക്ഷേമ സമിതിയുടെ ശ്രമം പാഴാവുന്നു. ബീച്ചിനു സമീപത്തുള്ള സമിതി ഓഫീസിനോടു ചേർന്ന് 10 ലക്ഷം രൂപ ചെലവിൽ അമ്മത്തൊട്ടിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ബീച്ചിലെ കടപ്പുറം ആശുപത്രിയുടെ മതിലിനോടു ചേർന്നുള്ള നിലവിലെ തൊട്ടിലിന് സ്വകാര്യത ഇല്ലാത്തതിനാൽ പ്രതീക്ഷിച്ച ഗുണമുണ്ടാകാത്തതിനാലാണ് പുതിയതിന് ശ്രമം തുടങ്ങിയത്.

കേന്ദ്ര ഫണ്ടിനൊപ്പം സംസ്ഥാന സർക്കാരിൽ നിന്നുള്ള സഹായവും പ്രതീക്ഷിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്. ഫണ്ട് ലഭിക്കുമോ ഇല്ലയോ എന്നു വ്യക്തമാവാത്തതിനാൽ എ.എം. ആരിഫ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നിർമ്മാണത്തിന് ആവശ്യമായ തുക ഉറപ്പാക്കാൻ ജില്ലാ ശിശുക്ഷേമ സമിതി ആലോചിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് സമിതി അംഗങ്ങൾ ഇതുസംബന്ധിച്ച് ചർച്ച നടത്തി. എം.പിയെ സമീപിക്കാൻ തീരുമാനിച്ച് ദിവസങ്ങൾക്കുള്ളിലാണ്, ശിശുക്ഷേമ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രഫണ്ട് ത്രിശങ്കുവിലായത്. അതോടെ ആ വഴി അടഞ്ഞു. കുട്ടികളെ ദത്ത് കൊടുക്കാനുള്ള സർക്കാരിന്റെ അനുമതി പത്രം ആലപ്പുഴ ശിശുക്ഷേമ സമിതിക്ക് ലഭിച്ചെങ്കിലും സാങ്കേതിക തടസങ്ങളാൽ ഇതുവരെ കൈമാറ്റം നടത്താൻ കഴിഞ്ഞിട്ടില്ല. ജുവനൈൽ കോടതി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ നിയമപരമായ അനുമതി ലഭിച്ചാൽ മാത്രമേ ദത്ത് കൊടുക്കൽ ആരംഭിക്കാൻ കഴിയൂ.

രണ്ട് അമ്മത്തൊട്ടിലുകൾ സ്ഥാപിക്കാനാണ് സംസ്ഥാന ശിശുക്ഷേമ സമിതി രണ്ടുവർഷം മുമ്പ് തീരുമാനിച്ചത്. കണ്ണൂർ ജില്ലാ ആസ്ഥാനത്ത് ആദ്യ തൊട്ടിൽ സ്ഥാപിച്ച ശേഷം ആലപ്പുഴയിൽ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കണ്ണൂരിൽ തൊട്ടിൽ സ്ഥാപിച്ചെങ്കിലും ആലപ്പുഴയിലെ പദ്ധതി അവതാളത്തിലാവുകയായിരുന്നു.

12 വർഷം, 15 കുഞ്ഞുങ്ങൾ

12 വർഷം മുമ്പാണ് കടപ്പുറം ആശുപത്രിയോടു ചേർന്ന് ശിശുക്ഷേമ സമിതി അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. സമീപത്ത് ഓട്ടോറിക്ഷ സ്റ്റാൻഡും നിരവധി കച്ചവട കേന്ദ്രങ്ങളും ഉള്ളതിനാൽ സ്വകാര്യത തീരെയില്ലാത്ത സാഹചര്യമായിരുന്നു. കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ തീരുമാനിച്ചവർക്ക് ആരും കാണാതെ അമ്മത്തൊട്ടിലിൽ എത്താനാവാത്ത അവസ്ഥ. അതുകൊണ്ടുതന്നെ ഇത്രയും വർഷത്തിനിടെ നവജാത ശിശുക്കളടക്കം 15 കുട്ടികളെയാണ് അമ്മത്തൊട്ടിലിൽ ലഭിച്ചത്.

ഇടപെടൽ നടക്കുന്നില്ല

ഫണ്ടിന്റെ അപര്യപ്തത പരിഹരിച്ച് ആധുനിക അമ്മത്തൊട്ടിൽ യാഥാർത്ഥ്യമാക്കാൻ ജില്ലാ ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ആക്ഷേപം. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഫണ്ട് ലഭിച്ചില്ലെങ്കിൽ സാമൂഹ്യ നീതി വകുപ്പിന്റെയോ ത്രിതല ഭരണസംവിധാനത്തിന്റെയോ സഹായം തേടാനോ സ്പോൺസർമാരെ കണ്ടെത്താനോ നിലവിലെ ഭരണസമിതി ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

.................................................

അമ്മത്തൊട്ടിൽ

കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നവർ, കുഞ്ഞുങ്ങളുടെ ജീവന് അപകടകരമായ വിധത്തിൽ ഉപേക്ഷിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ശിശുക്ഷേമ സമിതി നേതൃത്വത്തിൽ അമ്മത്തൊട്ടിലുകൾ സ്ഥാപിച്ചത്. രഹസ്യമായും സുരക്ഷിതമായും കുട്ടികളെ ഉപേക്ഷിക്കാനുള്ള ഒരിടം.

തിരുവനന്തപുരത്തെ സമിതി ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്ന അത്യാധുനിക അമ്മത്തൊട്ടിലിന്റെ മാതൃകയിൽ ആലപ്പുഴയിലും നിർമ്മിക്കാനായിരുന്നു തീരുമാനം. കുട്ടിയുമായി വാതിലിനു സമീപത്തെത്തിയാൽ തനിയെ തുറക്കും. അകത്തു പ്രവേശിച്ചു കഴിയുമ്പോൾ മെഷീൻ ആവശ്യമായ നിർദേശങ്ങൾ നൽകും. തൊട്ടിലിൽ കുട്ടിയെ കിടത്തിക്കഴിയുമ്പോൾ കുട്ടിയുടെ ഭാരം, ഏകദേശ പ്രായം ഉൾപ്പെടെയുള്ളവ മോണിട്ടറിൽ തെളിയും. കുട്ടിയെ ഉപേക്ഷിച്ചയാൾ പുറത്തിറങ്ങിക്കഴിയുമ്പോൾ അലാറം ഉയരും. അതോടൊപ്പം ആര്യോഗ്യ മന്ത്രി, ശിശുക്ഷേമ സമിതി സെക്രട്ടറി, കളക്ടർ തുടങ്ങിയവരുടെ ഫോണിലേക്കു സന്ദേശമെത്തും. ഉപേക്ഷിച്ച് ഇറങ്ങിക്കഴിഞ്ഞാൽ തിരികെ കയറി കുട്ടിയെ വീണ്ടും എടുക്കാനാവില്ല.
............................................

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആധുനിക അമ്മത്തൊട്ടിലിന്റെ നിർമ്മാണം കൊവിഡ് മൂലമാണ് വൈകുന്നത്. ദത്തു കൊടുക്കലിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്

അഡ്വ. ജലജ ചന്ദ്രൻ, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ, ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർപേഴ്സൺ

Advertisement
Advertisement