മഴയിൽ വൈദ്യുതി, ഇന്റര്‍നെറ്റ് തടസമേറുന്നു: ഓണ്‍ലൈന്‍ പഠനം തുലാസില്‍

Wednesday 09 June 2021 1:14 AM IST

തൃശൂർ: അടിക്കടിയുണ്ടാകുന്ന വൈദ്യുതി, ഇന്റർനെറ്റ് തടസം മൂലം ഓൺലൈൻ പഠനം അവതാളത്തിലാകുന്നു. വിക്ടേഴ്‌സ് ചാനൽ വഴി ടെലിവിഷനിലൂടെയുള്ള ക്ലാസിന് പുറമെ ഈ അദ്ധ്യയന വർഷം അതാത് വിദ്യാലയങ്ങളിലെ അദ്ധ്യാപകർ വീഡിയോ വഴിയും ക്ലാസ് നൽകുന്നുണ്ട്. ടെലിവിഷനിലൂടെയുള്ള വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകൾ പകൽ സമയത്തും അതാത് വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ ക്ലാസുകൾ രാവിലേയോ വൈകീട്ടോ ആണ് നടക്കാറ്.

മഴ ശക്തിപ്പെട്ടതോടെ വൈദ്യുതി തടസ്സം പതിവാണ്. ഇടയ്ക്കിടെയുണ്ടാകുന്ന ഇന്റർനെറ്റ് ലഭ്യതക്കുറവും വലയ്ക്കുന്നുണ്ട്. മിക്ക അദ്ധ്യാപകരും വൈകിട്ടാണ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താറ്. എന്നാൽ മിക്ക ദിവസങ്ങളിലും വൈകിട്ട് മഴ ശക്തിപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്യും. വൈദ്യുതി മുടങ്ങുന്നതോടെ മിക്കയിടത്തും ഇന്റർനെറ്റും തടസ്സപ്പെടും. മൊബൈൽ കമ്പനികളുടെ ടവറുകളുടെ പ്രവർത്തനം മുടങ്ങുന്നത് മൂലമാണ് ഇന്റർനെറ്റ് ലഭ്യമല്ലാതാകുന്നത്. ഓൺലൈൻ ക്ലാസുകൾക്കായി മിക്ക അദ്ധ്യാപകരും ആശ്രയിക്കുന്നത് ബി.എസ്.എൻ.എൽ ബ്രോഡ് ബാൻഡ് കണക്ഷനുകളെയാണ്. ടെലിവിഷൻ കേബിൾ വഴിയുള്ള ഇന്റർനെറ്റ് കണക്ഷനുപയോഗിക്കുന്നവരുമുണ്ട്.
മഴ കനത്തതോടെ ബി.എസ്.എൻ.എൽ കേബിളുകൾ വഴിയുള്ള ബ്രോഡ് ബാൻഡ് കണക്ഷൻ ഇടയ്ക്കിടെ തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇന്റർനെറ്റ് കൃത്യമായി ലഭ്യമാകാത്തത് മൂലം മൊബൈൽ വഴിയുള്ള ക്ലാസും തടസ്സപ്പെടുകയാണ്. ലോക്ക് ഡൗൺ മൂലം മൊബൈൽ കടകൾ തുറക്കാത്തതിനാൽ സർവീസ് ചെയ്യാനും റീ ചാർജ് ചെയ്യാനുമാകാത്ത അവസ്ഥയാണ്.

രക്ഷിതാക്കൾ ഇല്ലാത്തതിനാൽ ക്ലാസ് ലഭ്യമല്ലാത്ത അവസ്ഥ

രക്ഷിതാക്കളുടെ സാന്നിദ്ധ്യം ഓൺലൈൻ ക്ലാസുകൾക്ക് അനിവാര്യമാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ഫസ്റ്റ് ബെൽ ക്ലാസുകൾ നടക്കുന്നത് പകൽ സമയങ്ങളിലാണ്. ടെലിവിഷൻ വഴിയും മൊബൈൽ വഴിയും ക്ലാസിൽ പങ്ക് ചേരാമെന്നിരിക്കെ മിക്കപ്പോഴും കുട്ടികൾ അതിന് തയ്യാറാകുന്നില്ല. രക്ഷിതാക്കൾ ജോലിത്തിരക്കിലായതിനാൽ പലപ്പോഴും കുട്ടികളെ ശ്രദ്ധിക്കാനുമാകുന്നില്ല. സർക്കാർ ജോലിക്കാരായ രക്ഷിതാക്കളുടെ വീടുകളിൽ മൊബൈൽ രക്ഷിതാക്കളുടെ കൈകളിലാണെന്നിരിക്കെ അതുവഴി ക്ലാസ് കാണലും നടക്കില്ല.

വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ ക്ലാസുകൾ രാവിലെയും വൈകീട്ടും

രക്ഷിതാക്കളുടെ സാന്നിദ്ധ്യം അനിവാര്യമായതിനാൽ ക്ലാസുകൾ കുട്ടികളിൽ കൃത്യമായെത്തുന്നുവെന്ന് ഉറപ്പാക്കാൻ രാവിലെയും വൈകീട്ടുമുള്ള സമയമാണ് സ്വന്തം വിദ്യാലയങ്ങളിലെ അദ്ധ്യാപകർ തിരഞ്ഞെടുത്തിരിക്കുന്നത്. രാവിലെ 6 മുതലും വൈകീട്ട് 7 മുതലുമാണ് ടൈംടേബിളുകൾ ക്രമീകരിച്ചിരിക്കുന്നത്. ഗൂഗിൾ മീറ്റ്, സൂം, മൈക്രോസോഫ്റ്റ് ടീംസ്, വെബെക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് അദ്ധ്യാപകർ സ്വന്തം വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ക്ലാസെടുക്കുന്നത്. പകൽ സമയങ്ങളിൽ രക്ഷിതാക്കൾ ജോലിക്ക് പോകുന്നതിനാൽ മൊബൈൽ ഫോണുകൾ ഇല്ലാത്ത സ്ഥിതി ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് അദ്ധ്യാപകർ പറയുന്നത്.

Advertisement
Advertisement