മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ ബി ജെ പിയിൽ ചേർന്നു, കോൺഗ്രസ് വിട്ടത് രാഹുലിന്റെ വിശ്വസ്‌തൻ

Wednesday 09 June 2021 1:50 PM IST

​​​​ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്‌തനുമായ ജിതിന്‍ പ്രസാദ ബി ജെ പിയിൽ ചേർന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് അദ്ദേഹം ബി ജെ പി ആസ്ഥാനത്തെത്തി മെമ്പർഷിപ്പ് സ്വീകരിച്ചത്.

47കാരനായ ജിതിന്‍ പ്രസാദ രാഹുലിന്‍റെ ഏറ്റവും അടുത്തയാളായാണ് അറിയപ്പെടുന്നത്. ജിതിന്‍ ബി ജെ പിയില്‍ എത്തുന്നത് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. കോണ്‍ഗ്രസില്‍ മതിയായ പരിഗണന ലഭിക്കാത്തതില്‍ ജിതിന്‍ പരസ്യമായി അസംതൃപ്‌തി രേഖപ്പെടുത്തിയിരുന്നു.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചുമതല ഹൈക്കമാൻഡ് നല്‍കിയത് ജിതിനായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇടത് കോണ്‍ഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ധൗറയില്‍ നിന്നാണ് ഇയാള്‍ ലോക്‌സഭയിലെത്തിയത്. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ജിതിന്‍. കഴിഞ്ഞ വര്‍ഷം രാഹുലിന്‍റെ വിശ്വസ്‌തനായ ജ്യോതിരാദിത്യസിന്ധ്യയും കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയിരുന്നു.