വാങ്കും ശരണവിളിയും മുഴങ്ങിയ മൈക്കുകളിൽ കേഴ്ക്കാം ഇനി കൊവിഡ് മുന്നറിയിപ്പും

Thursday 10 June 2021 12:09 AM IST
കുറ്റ്യാട്ടൂർ പാറപ്പുറം മുത്തപ്പൻ ക്ഷേത്രം

കണ്ണൂർ: ദേവസ്തുതികളും വാങ്ക് വിളികളും മുഴങ്ങിയ ആരാധനാലയങ്ങളുടെ മൈക്കുകളിൽ ഇനി കൊവിഡ് സംബന്ധിച്ച മുന്നറിയിപ്പുകളും ഉയരും. ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്ന ഈ കൊവിഡ് കാലത്ത് അവരുടെ അറിയിപ്പിനോടൊപ്പം തന്നെ പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ അറിയിപ്പുകളും മഴക്കാല കൊതുകു ജല രോഗ നിർദ്ദേശങ്ങളും മാതൃകാപരമായാണ് അനൗൺസ് ചെയ്യുന്നത്.

കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രത്യേകമായി തയ്യാറാക്കി നൽകിയ കൊവിഡ് പ്രതിരോധ ബോധവത്കരണ വോയ്സ് ക്ലിപ്പാണ് പഞ്ചായത്തിലെ പതിനാറ് വാർഡുകളിലായുള്ള വിവിധ മതക്കാരുടെ മുപ്പതോളം ആരാധനാലയങ്ങളിൽ നിന്ന് അറിയിപ്പായി എത്തുന്നത്. വൈസ് പ്രസിഡന്റ് സി. നിജിലേഷിന്റെ മനസ്സിൽ തോന്നിയ ആശയം ഭരണസമിതിയുടെ അനുവാദത്തോടെ പഞ്ചായത്തിൽ നടപ്പിലാക്കുകയായിരുന്നു. ആശയവുമായി വിവിധ ആരാധനാലയങ്ങളിലെ ഭാരവാഹികളുമായി ബന്ധപ്പെട്ടപ്പോൾ അവർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

നാലാം വാർഡിൽ പാറപ്പുറം ആനപ്പീടിക ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഓൺലൈനായി അനൗൺസ് മെന്റ് ഉദ്ഘാടനം നിർവ്വഹിച്ചു.

'ഉന്നതി' വഴി ഉന്നതമാതൃക
വിവിധ കർമ്മ പരിപാടികളിലൂടെ കൊവിഡ് പ്രതിരോധം തീർത്തു കൊണ്ട് കുറ്റ്യാട്ടൂർ മുമ്പും മാതൃക തീർത്തിരുന്നു പഞ്ചായത്തിലെ കൊവിഡ് മുക്തരായവരുടെ ശാരീരികപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതിയായ 'ഉന്നതി' ഇതിലൊന്നാണ്. കൊവിഡാനന്തരം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രോഗികൾക്ക് ഫിസിയോതെറാപ്പി ചികിത്സാ മാർഗ നിർദ്ദേശങ്ങൾ ഓൺലൈനായി നൽകുന്ന ബൃഹദ് പദ്ധതിയാണിത്. കൊവിഡ് കാലത്ത് കപ്പ കർഷകരെ സഹായിക്കുന്നതിന് കപ്പ ചാലഞ്ചും ഇവിടെ നടപ്പാക്കിയിരുന്നു.

Advertisement
Advertisement