വലിയ വില കൊടുക്കേണ്ടിവരും... ഈ അലംഭാവത്തിന്

Thursday 10 June 2021 9:30 PM IST

കോട്ടയം: അഗ്നിരക്ഷാ സൗകര്യങ്ങളില്ലാത്ത ബഹുനിലകെട്ടിടങ്ങൾക്കെതിരായ നിയമനടപടികൾ നിലച്ചു. ജില്ലയിലെ ആശുപത്രികൾ അടക്കം 120 ലധികം കെട്ടിടങ്ങൾ അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് അഗ്നിരക്ഷാ വിഭാഗം തന്നെ പറയുന്നത്.

രണ്ടു നിലയിൽ അധികം ഉയരമുള്ള കെട്ടിടങ്ങൾ നാലുവശത്തും അഗ്നിരക്ഷാ സേനയുടെ വാഹനം കടന്നു പോകാൻ സ്ഥലം ഒഴിച്ചിടണമെന്നാണ് ചട്ടം. എന്നാൽ ജില്ലയിലെ ബഹുനില കെട്ടിടങ്ങളിൽ മിക്കവാറും ഇതു പാലിച്ചിട്ടില്ല. പലതിലും അഗ്നിരക്ഷാ ഉപകരണങ്ങൾ ഇല്ലെന്നും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് ഈ സ്ഥാപനങ്ങൾക്കെല്ലാം നോട്ടീസ് നൽകിയിരുന്നതാണ്. എന്നാൽ രണ്ടു വർഷമായി പരിശോധനകളെല്ലാം നിലച്ചിരിക്കുകയാണ്.

കോട്ടയം നഗരത്തിൽ അടക്കം പഴയ കെട്ടിടങ്ങൾ തൊട്ടുരുമ്മിയിരിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഈ കെട്ടിടങ്ങളിൽ ഏതെങ്കിലും ഒന്നിൽ തീ പിടിച്ചാൽ അത് പടരാൻ ഇടയാകും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പല കെട്ടിടങ്ങളും സമാന രീതിയിൽ തൊട്ടുരുമ്മിയാണ് ഇരിക്കുന്നത്. ഈ കെട്ടിടങ്ങളിൽ അപകടം ഒഴിവാക്കാൻ വേണ്ട ക്രമീകരണം ഒരുക്കണമെന്ന നിർദേശവും നടപ്പായിട്ടില്ല.

നോട്ടീസ് നൽകിയിട്ട് രണ്ടു വർഷം

മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെ നടപടിയെടുക്കുന്നതിനായി ആദ്യ ഘട്ടത്തിൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ചട്ടം പാലിക്കാൻ പല സ്ഥാപനങ്ങളും , തുടർ നടപടികളെടുക്കാൻ അഗ്നിരക്ഷാ സേനയും മിനക്കെട്ടില്ല. കേരളത്തിൽ പലയിടത്തും തീ പിടിത്തം ഉണ്ടാകുമ്പോൾ ജില്ലയും അത്ര സുരക്ഷതമല്ലെന്നാണ് ഈ അലംഭാവം വ്യക്തമാക്കുന്നത്.

Advertisement
Advertisement