ഒറ്റ പ്രസവത്തിൽ 'താമര'യ്ക്ക് 10 കുഞ്ഞുങ്ങൾ, റെക്കാഡ് ഭേദിച്ചത് ദക്ഷിണാഫ്രിക്കൻ യുവതി

Thursday 10 June 2021 12:00 AM IST

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ 37കാരി

ഒറ്റ പ്രസവത്തിൽ ജന്മം നൽകിയത് 10 കുഞ്ഞുങ്ങൾക്ക്. പ്രസവത്തിൽ ലോകറെക്കാഡിട്ട ഗോസിയാമെ തമാര സിത്തോളിന് ഏഴ് ആൺ കുഞ്ഞുങ്ങളും മൂന്ന് പെൺകുഞ്ഞുങ്ങളുമാണ് ജനിച്ചത്.

കഴിഞ്ഞ മാസം ഒറ്റ പ്രസവത്തിൽ ഒമ്പത് കുട്ടികൾക്ക് ജന്മം നൽകിയ മാലിയിലെ ഹാലിമ സിസ്സെയുടെ റെക്കാഡാണ് തമാര തകർത്തത്.

ആദ്യ പ്രസവത്തിൽ ഇരട്ടക്കുട്ടികളായിരുന്നു തമാരയ്ക്ക്. രണ്ടാം ഗർഭധാരണത്തോടനുബന്ധിച്ചുള്ള സ്കാനിംഗിൽ 8 കുട്ടികളുള്ളതായാണ് അറിഞ്ഞത്. ഇത്രയും കുഞ്ഞുങ്ങൾ ഒരുമിച്ച് ഗർഭപാത്രത്തിൽ വളരുന്നത് വൈകല്യങ്ങൾക്ക് കാരണമാകുമോയെന്ന ഭയമുണ്ടായിരുന്നു. ഡോക്ടർമാർ പകർന്ന ധൈര്യമാണ് താമരയ്ക്ക് ആശ്വാസമായത്. എല്ലാവരെയും അദ്ഭുതപ്പെടുത്തി തിങ്കളാഴ്ച രാത്രി പ്രസവിക്കുമ്പോൾ പുറംലോകത്തെത്തിയത് 10 കുഞ്ഞുങ്ങൾ.

തന്റെ ഗർഭാവസ്ഥ സങ്കീർണമായിരുന്നില്ലെന്നും ചികിത്സകളൊന്നും നടത്തിയിട്ടില്ലെന്നും തമാര പറഞ്ഞു. തമാരയെപ്പോലെ അതീവ സന്തോഷത്തിലാണ് ഭർത്താവ് ടെബോഹോ സോടെറ്റ്സിയും.

ഗിന്നസ് വേൾഡ് റെക്കാഡ്സ് അധികൃതർ തമാരയ്ക്ക് ആശംസകൾ അറിയിച്ചു.

Advertisement
Advertisement