ഇന്ധന വിലക്കയറ്റം: അധിക നികുതി ഒഴിവാക്കാനാവില്ലെന്ന് ധനമന്ത്രി

Thursday 10 June 2021 12:39 AM IST

തിരുവനന്തപുരം: നൂറ് കടന്ന പെട്രോൾ,ഡീസൽ വിലയെച്ചൊല്ലി നിയമസഭയിൽ ബഹളം. കേന്ദ്രമാണ് വിലക്കയറ്റത്തിന് പിന്നിലെങ്കിലും, കൊവിഡ് കാലത്ത് ജനത്തെ കൊള്ളയടിക്കുന്ന നികുതി ഭീകരതയിൽ നിന്ന് സംസ്ഥാന സർക്കാരിനെങ്കിലും വിട്ടുനിന്നു കൂടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. എന്നാൽ,ഇന്നത്തെ സാമ്പത്തിക സ്ഥിതിയിൽ സംസ്ഥാനത്തിന് അധിക നികുതി ഒഴിവാക്കാനാവില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

വിഷയം അടിയന്തരപ്രമേയമായി ഉന്നയിച്ച ലീഗിലെ എൻ.ഷംസുദ്ദീൻ, അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണവില കുറഞ്ഞാലും രാജ്യത്ത് കുറയാത്തത് അതനുസരിച്ച് കേന്ദ്ര-സംസ്ഥാന നികുതികൾ കൂട്ടുന്നതുകൊണ്ടാണെന്ന് പറഞ്ഞു. വില കൂടിയപ്പോൾ ഏഴ് തവണയാണ് മുൻ യു.ഡി.എഫ് സർക്കാർ അധിക നികുതി ഒഴിവാക്കിയത്. അത്തരത്തിൽ സംസ്ഥാന സർക്കാരും ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് ഷംസുദ്ദീൻ ആവശ്യപ്പെട്ടു.

എന്നാൽ, ഇന്ധന നികുതി വൻതോതിൽ വർദ്ധിപ്പിച്ച് വരുമാനം കൂട്ടുന്ന കേന്ദ്രത്തിലെ ബി.ജെ.പി.സർക്കാരിനെ തൊടാതെ, നികുതിയുടെ ചെറിയൊരു ഭാഗം ലഭിക്കുന്ന സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്ന് മന്ത്രി ബാലഗോപാൽ ആരോപിച്ചു. യു.ഡി.എഫ്. സർക്കാർ അധിക നികുതി വേണ്ടെന്ന് വച്ചെങ്കിലും, പിന്നീട് നികുതി വർദ്ധിപ്പിച്ചു. ഒന്നാം പിണറായി സർക്കാർ നികുതി കുറച്ച് ജനങ്ങളെ സഹായിച്ചു. നിലവിൽ പെട്രോളിന് 30.08ശതമാനവും ഡീസലിന് 22.76ശതമാനവുമാണ് സംസ്ഥാന നികുതി.കൊവിഡ് കാലത്ത് നികുതി,നികുതിയേതര വരുമാനം കുത്തനെ കുറഞ്ഞു. വാഹനങ്ങൾ ഒാടുന്നില്ല. കേന്ദ്രസർക്കാർ വായ്പ വെട്ടിക്കുറച്ചു. ചെലവ് കുത്തനെ കൂടി. പെട്രോൾ,ഡീസൽ, ബിവറേജസ് നികുതി മാത്രമാണ് സർക്കാരിന്റെ വരുമാനം. അത് വേണ്ടെന്ന് വയ്ക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.

തുടർന്ന് പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ, പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇന്ധനവില കുറയ്ക്കുന്നതിൽ സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ അത് ജിഎസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. അതോടെ നികുതി 28 ശതമാനത്തിലൊതുങ്ങും. കഷ്ടത അനുഭവിക്കുന്ന കെ.എസ്.ആർ.ടി.സി, മത്സ്യത്തൊഴിലാളി, ഒാട്ടോറിക്ഷ മേഖലകൾക്ക് സബ്സിഡിയെങ്കിലും നൽകണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

Advertisement
Advertisement