പച്ചയായി കബളിപ്പിക്കുന്ന ബഡ്ജറ്റ്: വി.ഡി. സതീശൻ

Thursday 10 June 2021 12:05 AM IST

തിരുവനന്തപുരം: യാഥാർത്ഥ്യ ബോധമില്ലാതെ സംസ്ഥാനത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതും, ജനങ്ങളെ പച്ചയായി കബളിപ്പിക്കുന്നതുമായ ബഡ്ജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ബഡ്ജറ്റിന്മേലുള്ള പൊതുചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

13,000 കോടിയുടെ നികുതി കുടിശിക പിരിച്ചെടുക്കാൻ മുൻ ധനമന്ത്രി പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതികളെല്ലാം പൊളിഞ്ഞു. ഇതിനായി പ്രഖ്യാപിച്ച സോഫ്ട്‌വെയർ ഏതുവഴി പോയെന്നറിയില്ല. മറ്റെല്ലാ സംസ്ഥാനങ്ങളും ജി.എസ്.ടിക്കനുസൃതമായി നികുതിഘടന പൊളിച്ചെഴുതിയപ്പോൾ ഇവിടെ മുൻസർക്കാരിൽ ധനവകുപ്പ് അത് ചെയ്യാതിരുന്നതാണ് തിരിച്ചടിയായത്. നികുതിഘടന അടിയന്തരമായി പൊളിച്ചെഴുതണം.

ഈ വർഷത്തെ റവന്യൂവരവ് 37,000കോടിയാണ് കാണിച്ചിരിക്കുന്നത്. ‌കഴിഞ്ഞ മൂന്ന് വർഷവും യഥാക്രമം 13,000 കോടിയും 17,000 കോടിയും 24,000 കോടിയുമാണ് റവന്യൂകമ്മി കാണിച്ചത്. ഇപ്പോഴത് 16,000 കോടിയായി കുറച്ചു കാണിച്ചു. കരാറുകാരുടെ കുടിശിക കൊടുക്കേണ്ടതൊക്കെ സർക്കാരിന്റെ ബാദ്ധ്യതയായിരിക്കെ, അതുൾപ്പെടുത്തി 20,000 കോടിയുടെ പാക്കേജെന്ന് പറയുന്നത് കാപട്യമാണ്.

ബാങ്കുകളുടെ സിബിൽറേറ്റിംഗ് കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സസ്‌പെൻഡ് ചെയ്യാനാവശ്യപ്പെടണം. ബാങ്കുകളോട് മോറട്ടോറിയം നീട്ടിനൽകണമെന്നും ആവശ്യപ്പെടണം. മൈക്രോഫിനാൻസ് സ്ഥാപനങ്ങളും മറ്രും കുടിശിക പിരിച്ചെടുക്കാൻ വിരട്ടുന്ന രീതി അവസാനിപ്പിക്കണം. കുട്ടികളുടെ ഓൺലൈൻ പഠനാവശ്യങ്ങൾക്കും മറ്റുമായി എം.എൽ.എ ഫണ്ട് വിനിയോഗിക്കാൻ തീരുമാനമുണ്ടെങ്കിലും വിശദമായ ചർച്ച ആവശ്യമുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരുടെ ക്ഷേമപദ്ധതികൾക്കായി നിശ്ചിതവിഹിതം കിഫ്ബിയിൽ നിന്ന് നീക്കിവയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Advertisement
Advertisement