സി.എച്ച് സ്‌പീക്കറായ ദിവസത്തിൽ ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്ത് മുനീർ

Thursday 10 June 2021 12:10 AM IST

തിരുവനന്തപുരം: മുസ്ലിംലീഗിന്റെ അനിഷേദ്ധ്യ നേതാവായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സ്‌പീക്കർ പദവിയിൽ അവരോധിതനായ ദിവസത്തിൽ ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുക്കാനായതിന്റെ ചാരിതാർത്ഥ്യം പങ്കുവച്ച് ലീഗ് അംഗവും മകനുമായ ഡോ. എം.കെ. മുനീർ. 1961 ജൂൺ ഒമ്പതിനാണ് പിതാവ് ആ കസേരയിലിരുന്നത് എന്ന് വികാരാധീനനായി സ്‌പീക്കറുടെ ഡയസിലേക്ക് നോക്കി മുനീർ പറഞ്ഞു. '60 വർഷം മുമ്പ് ആ കസേരയിൽ ഒരു 34കാരൻ ഇരുന്നു. സി.എച്ച്. മുഹമ്മദ് കോയ എന്നായിരുന്നു പേര്. എന്റെ പിതാവ് ആ കസേരയിലിരുന്നതിന്റെ വൈകാരിക ഓർമ്മകളിലാണ് ഞാനിവിടെ പ്രസംഗിക്കാൻ നിൽക്കുന്നത്"- മുനീർ പറഞ്ഞു.

തിരഞ്ഞെടുപ്പിലുണ്ടായത് രാഷ്ട്രീയവിജയമല്ലെന്നും, ഇടതുപക്ഷ രാഷ്ട്രീയത്തെ അട്ടത്ത് വച്ചും വൈരുദ്ധ്യാത്മക ഭൗതികവാദത്തെ വെയിലത്തുണക്കാനിട്ടും ജാതിമതസംഘടനകളുമായി കൂട്ടിയും കിഴിച്ചും സി.എ.എ ഗീർവാണങ്ങളാൽ മധുരം പുരട്ടിയും നേടിയ വിജയമാണെന്നും മുനീർ പറഞ്ഞു. ദുരന്തകാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം കൊടുക്കേണ്ടത് സർക്കാരുകളുടെ കടമയാണെന്നിരിക്കെ, അതൊരു ഔദാര്യമായാണ് ഇടതുമുന്നണി പ്രചരിപ്പിച്ചതെന്നും മുനീർ കുറ്റപ്പെടുത്തി.

 സി.എച്ചിന് അപമാനമുണ്ടാക്കരുതെന്ന് എം.എം. മണി

സി.എച്ച്. മുഹമ്മദ് കോയക്ക് ഡോ. എം.കെ. മുനീർ അപമാനമുണ്ടാക്കരുതെന്ന് ചർച്ചയിൽ പങ്കെടുത്ത എം.എം. മണി മറുപടി നൽകി. സി.എച്ച് എവിടെ നിൽക്കുന്നു, മുനീർ എവിടെ നിൽക്കുന്നു എന്ന് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് യു.ഡി.എഫാണ്. എന്നിട്ടും ഞങ്ങൾ വിജയിച്ചെത്തിയപ്പോൾ ഞാനൊന്നുമറിഞ്ഞീല, രാമനാരായണ എന്ന മട്ടിലാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത്.

Advertisement
Advertisement