ഖാരിഫ് വിളകളുടെ താങ്ങുവില ഉയർത്തി കേന്ദ്രസർക്കാർ; നടപടി കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധം തുടരുന്നതിനിടെ

Wednesday 09 June 2021 11:32 PM IST

ന്യൂഡൽഹി: കർഷക സമരം നടക്കുന്നതിനിടെ നെല്ല് ഉൾപ്പടെയുളള ഖാരിഫ് വിളകളുടെ താങ്ങുവില ഉയർത്തി കേന്ദ്രസർക്കാർ. കേന്ദ്ര മന്ത്രിസഭായോ​ഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്. നെല്ലിന് ക്വിന്റിലിന് 72 രൂപ വർദ്ധിപ്പിച്ച് താങ്ങുവില 1920 രൂപയാക്കി. മുൻ വർഷത്തെ 1868 രൂപയിൽ നിന്നാണ് ക്വിന്‍റലിന് 1949 രൂപയായി നെല്ലിന്‍റെ താങ്ങുവില കൂട്ടിയത്.

അതേസമയം എളളിന് ക്വിന്റലിന് 452 രൂപയാണ് വർദ്ധിപ്പിച്ചത്. തുവരപ്പരിപ്പിന്റെയും ഉഴുന്നിന്റെയും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 300 രൂപ വർദ്ധിപ്പിച്ചു. താങ്ങുവില ഇല്ലാതാവുമെന്ന കര്‍ഷകരുടെ ആശങ്കകള്‍ക്കിടെയാണ് താങ്ങുവില വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നത്.

ധാന്യോത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പ്രത്യേക നയം രൂപീകരിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിം​ഗ് തോമര്‍ അറിയിച്ചു. താങ്ങുവില തുടരുന്ന കാര്യത്തിൽ പാർലമെന്റിൽ ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു തെറ്റിദ്ധാരണയുടെയും ആവശ്യമില്ല. കാര്‍ഷിക നിയമം പിൻവലിക്കുക എന്ന ഉപാധി ഒഴികെയുള്ളവയിൽ കർഷകരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement