താലിബാനുമായി ചർച്ചയ്ക്ക് ഇന്ത്യ, നടപടി രാജ്യത്തിന്റെ ചരിത്രത്തിൽ ഇതാദ്യം

Thursday 10 June 2021 12:00 AM IST

കാബൂൾ: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി താലിബാൻ നേതാക്കളുമായി ചർച്ചകൾക്ക് വഴി തുറന്ന് ഇന്ത്യൻ സർക്കാർ. അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈന്യം പിന്മാറിയതിനെ തുടർന്ന് മാറുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ഇന്ത്യയുടെ നിർണായക നീക്കം. അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈന്യം പൂര്‍ണമായി പിൻവാങ്ങുന്നതോടെ രാജ്യത്തിന്റെ ഭരണ നിയന്ത്രണത്തിൽ താലിബാന് വലിയ പങ്കുണ്ടായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.


നിലവിൽ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അഫ്ഗാൻ ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന താലിബാൻ നേതാക്കളുമായി മാത്രമാണ് ആശയവിനിമയത്തിന് ശ്രമിക്കുന്നതെന്നും പാക്, ഇറാൻ ബന്ധമുള്ള നേതാക്കളുമായി ചര്‍ച്ചയ്ക്കില്ലെന്നുമാണ് പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തീവ്രവാദ സംഘടനയായ താലിബാൻ രാജ്യത്തിൻ്റെ ഭരണം പിടിച്ചേക്കുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് മുല്ലാ ബറാദര്‍ അടക്കമുള്ള നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ ആശയവിനിമയത്തിന് ഒരുങ്ങുന്നത്.

താലിബാൻ്റെ സഹസ്ഥാപകരനും സംഘടനയിലെ രണ്ടാമത്തെ ഏറ്റവു വലിയ നേതാവുമായ മുല്ലാ ബറാദാർ. ബറാദറുമായി ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മറ്റു താലിബാൻ നേതാക്കളുമായും ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഇതുവരെ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പിന്മാറുന്നതു സംബന്ധിച്ച കരാറിൽ താലിബാൻ നേതാവ് മുല്ല ബറാദാറും മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും തമ്മിൽ ഒപ്പു വച്ചിരുന്നു. നിലവിൽ ദോഹയിലെ താലിബാൻ ഓഫീസിൻ്റെ ചുമതലയാണ് മുല്ല ബറാദാറിനുള്ളത്. കാബൂളിലെ ഹമമീദ് കര്‍സായി സര്‍ക്കാരുമായി ചർച്ചകൾ നടത്തുന്നതിനിടെ 2010ൽ ഇയാളെ പാക് ചാരസംഘടനയായ ഐ.എസ്.ഐ പിടികൂടിയെങ്കിലും 2018 ൽ മോചിപ്പിച്ചു.


നിലവിൽ അഫ്ഗാനിസ്ഥാൻ പുനര്‍നിര്‍മാണത്തിനായി രണ്ട് ലക്ഷം കോടി രൂപയുടെ സഹായമാണ് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇരു രാജ്യങ്ങളിലേയും സർക്കാരുകൾ തമ്മിൽ നല്ല ബന്ധമാണുള്ളതെങ്കിലും താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യക്ക് ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്.

Advertisement
Advertisement