ഓൺലൈൻ ഡെലിവറി സംഘങ്ങൾക്ക് ചാകര: സാധാരണക്കാരായ ഹോട്ടലുകാർ പട്ടിണിയിൽ

Thursday 10 June 2021 1:38 AM IST

തൃശൂർ: ലോക് ഡൗണിൽ ഓൺലൈൻ ഭക്ഷണ ഡെലിവറി സംഘങ്ങൾ വൻതോതിൽ ലാഭമുണ്ടാക്കുമ്പോൾ സാധാരണക്കാരായ ഹോട്ടലുകാർ പട്ടിണിയിൽ. സ്വിഗി, സൊമാറ്റോ പോലുള്ള ഓൺലൈൻ ഭക്ഷണ ഡെലിവറി സംഘങ്ങളാണ് വൻകിട ഹോട്ടലുകാരുമായി സഹകരിച്ച് ലോക്ക് ഡൗൺ കാലത്ത് ലാഭം കൊയ്യുന്നത്.

ലോക്ക് ഡൗണിൽ ഹോട്ടലുകൾക്ക് പാർസൽ നൽകാൻ മാത്രമാണ് അനുവാദമുള്ളത്. സാധാരണക്കാർ നടത്തുന്ന ഹോട്ടലുകൾക്ക് ഭക്ഷണം ഡെലിവറിയായി നൽകാനുള്ള സംവിധാനം പരിമിതമാണ്. എന്നാൽ വൻ ഹോട്ടലുകാർ ഓൺലൈൻ ഡെലിവറി സംഘങ്ങൾ വഴി യഥേഷ്ടം പ്രവർത്തിക്കുന്നതും വൻതോതിൽ ലാഭമുണ്ടാക്കുകയും ചെയ്യുന്നു.

ഓൺലൈൻ ഡെലിവറി സംഘങ്ങൾക്ക് കണ്ടെയ്‌ൻമെന്റ് സോണിലും ഭക്ഷണം വിതരണം ചെയ്യാൻ അനുമതി നൽകുന്നുണ്ട്. എന്നാൽ സാധാരണക്കാരായ ഹോട്ടലുകാർക്ക് ഇത്തരം സംവിധാനങ്ങളിലൂടെ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സാധാരണക്കാർ നടത്തുന്ന ഹോട്ടലുകാർക്ക് ഡെലിവറി സംഘങ്ങളോ മറ്റോയില്ല. ഇത്തരം ഹോട്ടലുകൾ ലോക് ഡൗൺ ഒരു മാസം പിന്നിടുമ്പോഴും അടഞ്ഞുകിടക്കുകയാണ്.

പല ഹോട്ടലുടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നുണ്ട്. വാടക, കറന്റ് ബിൽ, ജീവനക്കാരുടെ ശമ്പളം എന്നീ ഇനങ്ങളിൽ നഷ്ടമുണ്ടാകുന്നു. മിക്കവരും വാടകയ്ക്കെടുത്തും ബാങ്കുകളിൽ നിന്ന് വായ്പയെടുത്തുമാണ് ഹോട്ടലുകൾ നടത്തുന്നത്. ലോക്ക് ഡൗൺ ഒരു മാസം പിന്നിട്ടതോടെ പലരുടെയും വായ്പാ തിരിച്ചടവ് മുടങ്ങുകയും വൻ സാമ്പത്തിക പ്രതിസന്ധിയിലുമാണ്.

ടാക്‌സ്, ഡെലിവറി ചാർജായി ഈടാക്കുന്നത് 100 രൂപയിലേറെ

ലോക്ക് ഡൗൺ വന്നതോടെ ഓൺലൈൻ ഡെലിവറി ഭക്ഷണ സംഘങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. ഭക്ഷണം പെട്ടെന്ന് തന്നെ ലഭിക്കുമെന്ന സൗകര്യം കണക്കിലെടുത്താണ് മിക്കവരും ആശ്രയിക്കുന്നത്. ഇത് ഓൺലൈൻ ഡെലിവറി സംഘങ്ങൾക്കും ചാകരയാകുന്നുണ്ട്. ടാക്‌സ്, ഡെലിവറി ചാർജ് ഇനങ്ങളിൽ 100 രൂപയിലധികമാണ് ഒരു സർവീസിന് മാത്രം ഈടാക്കുന്നത്.

20 - 30 % തുകയാണ് ഓൺലൈൻ ഡെലിവറി സംഘങ്ങൾ ഈടാക്കുന്നത്. ഓൺലൈൻ ഡെലിവറി സംഘങ്ങൾക്ക് ബദലായി ഹോട്ടലുകളുമായി സഹകരിച്ച് അസോസിയേഷൻ മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ അത് പ്രവർത്തിക്കുന്നുണ്ട്. ഇത് തൃശൂരിലേക്കും വ്യാപിപ്പിക്കും. ആപ്പിൽ 10 ശതമാനത്തിന് താഴെ മാത്രമേ ഉപഭോക്താവിൽ നിന്നും സർവീസ് ചാർജായി ഈടാക്കൂ. ലോക്ക് ഡൗൺ ഇളവുകൾ വരുമ്പോൾ സാമൂഹിക അകലം ഉറപ്പാക്കി 50% പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുതകുന്ന രീതിയിൽ പ്രവർത്തനാനുമതി നൽകണം.

- ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്,​ ജില്ലാ പ്രസിഡന്റ്,​ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.

Advertisement
Advertisement