കെ. സുധാകരൻ വരുമ്പോൾ

Thursday 10 June 2021 2:06 AM IST

കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഒരു കായകൽപ്പ ചികിത്സ ആവശ്യമായ സമയത്താണ് കാഴ്ചയിലും പ്രവൃത്തിയിലും കരുത്തനായ കെ. സുധാകരൻ പ്രസിഡന്റായി വരുന്നത്. സാങ്കേതികമായി ഹൈക്കമാൻഡാണ് നിയമിച്ചതെങ്കിലും നേതാക്കളുടെയല്ല, അണികളുടെ ഒരു ചോയിസാണ് സുധാകരൻ. ഗ്രൂപ്പ് നേതാക്കന്മാർ ഒരു പേരും പറയാതെ മാറി നിന്നു. അതു നന്നായി. ഒരു പ്രത്യേക നേതാവിന്റെ നോമിനിയായി എത്തി എന്ന ഭാരം സുധാകരന് ചുമക്കേണ്ടിവരില്ല. ഗ്രൂപ്പ് കളിയെക്കാൾ കൂടുതൽ ഒത്തുതീർപ്പ് രാഷ്ട്രീയമാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ പതനത്തിന് ഇടയാക്കിയത്. മാദ്ധ്യമങ്ങളിലൂടെയും മറ്റും അതിശക്തമായി ഇടതുമുന്നണി സർക്കാരിനെ എതിർക്കുമ്പോഴും കോൺഗ്രസിന് മേൽക്കൈ ഉണ്ടാകേണ്ട പല സുപ്രധാന വിഷയങ്ങളിലും ഒത്തുതീർപ്പിന് വഴങ്ങി ഗോൾപോസ്റ്റിന്റെ മുന്നിൽ വരെ എത്തി പന്തടിച്ച് ക്രോസ്‌ബാറിന് മുകളിലൂടെ കളയുന്ന കാഴ്ചയാണ് കുറെ കാലമായി കണ്ടുവരുന്നത്. ഇതാണ് കോൺഗ്രസിനെ ക്ഷീണിപ്പിച്ചതും ഗ്രൂപ്പ് മാനേജർമാരുടെ ശക്തി ചോർത്തിക്കളഞ്ഞതും. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ.പി.സി.സി പ്രസിഡന്റായി വന്ന വി.എം. സുധീരൻ എതിർ ദിശയിലേക്കാണ് കളിച്ചത്. പിന്നീട് വന്ന മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും തമ്മിലും ശരിയായ ഏകോപനം നടന്നില്ല. അതിന്റെ ഫലമായി അണികൾ നിർജ്ജീവമായി സമരമുഖങ്ങളിൽ നിന്ന് മാറിനിന്നു. നേതാക്കന്മാരുടെ എണ്ണം കൂടുകയും അണികളുടെയും കോൺഗ്രസിനെ പരമ്പരാഗതമായി സഹായിച്ചുകൊണ്ടിരുന്ന സാമുദായിക ശക്തികേന്ദ്രങ്ങളുടെയും പിന്തുണ ശോഷിക്കുകയും ചെയ്തു. ഈ വെല്ലുവിളി നേരിട്ട് കോൺഗ്രസിനെ വീണ്ടും കരുത്താർജ്ജിപ്പിക്കുക എന്ന ഭഗീരഥ യത്നമാണ് സുധാകരൻ നിറവേറ്റേണ്ടത്. സുധാകരന്റെ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തിയാൽ ശരിതെറ്റുകൾക്കപ്പുറം അണികളുടെ വികാരത്തിനൊപ്പം എന്നും നെഞ്ചും വിരിച്ച് നിന്നിട്ടുള്ള നേതാവാണ് അദ്ദേഹം. ശബരിമല പ്രശ്നത്തിൽ തന്നെ അഴകൊഴമ്പൻ നിലപാടുമായി കോൺഗ്രസ് നേതൃത്വം നിന്നപ്പോൾ തുടക്കത്തിൽ തന്നെ ഉറച്ച നിലപാടെടുത്ത നേതാവ്. അവസാനം കോൺഗ്രസിനും സുധാകരന്റെ നിലപാടിനൊപ്പം വരേണ്ടിവന്നു.

മറ്റ് കോൺഗ്രസ് നേതാക്കളിൽ നിന്ന് സുധാകരനെ വ്യത്യസ്തമാക്കുന്നത് സ്വന്തം ഇമേജിന്റെ തടവറയിൽ വീണുപോയ ഒരാളല്ല എന്നതാണ്.കണ്ണൂരിലെ തീയിൽ കുരുത്ത നേതാവാണ് സുധാകരൻ. അതിനാൽ തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തെ ഗ്രൂപ്പ് വടംവലിയുടെ വെയിലിൽ അത് വാടാൻ പോകുന്നില്ല. ഇവിടെ പുതിയ കെ.പി.സി.സി പ്രസിഡന്റിന് മുൻഗാമികൾക്ക് പറ്റിയ ഏകോപനത്തിന്റെ കുറവ് വരാൻ പാടില്ല. അതിനാവണം സുധാകരൻ പ്രഥമ പരിഗണന നൽകേണ്ടത്. തിരഞ്ഞെടുപ്പ് വരുമ്പോൾ സീറ്റുകൾ പങ്കുവച്ച് ഒന്നിച്ചുനിന്നാൽ മാത്രം ഇലക്‌ഷൻ ജയിക്കുന്ന കാലം കടന്നുപോയി. . എം.എൽ.എ ആയും മന്ത്രിയായും പാർലമെന്റ് അംഗമായുമുള്ള വിപുലമായ ഭരണപരിചയവും അടിപതറാത്ത പോരാളിയെന്ന ഉറപ്പും ഉള്ള സുധാകരന് വരും നാളുകളിൽ കോൺഗ്രസിനെ പഴയ പ്രതാപത്തിലേക്ക് വളർത്താനാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. അതിന് സുധാകരന്റെ ഇപ്പോഴുള്ള ശൈലിയിൽ വലിയ മാറ്റം വരുത്തേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ഗ്രൂപ്പുകളെയും മറ്റും ഒന്നിപ്പിച്ച് കൊണ്ടുപോകുന്നതിൽ കൂടുതൽ സൂക്ഷ്‌മബുദ്ധി പ്രയോഗിക്കേണ്ടിവരും. ശൈലിയും ഇമേജുമല്ല, റിസൾട്ടാണ് പ്രധാനം. സ്വതസിദ്ധമായ ശൈലിയിൽ അണുവിട പോലും മാറ്റം വരുത്താതെയാണ് എതിർപ്പുകൾക്കിടയിലൂടെ പിണറായി വിജയൻ ഇപ്പുറത്ത് പടർന്ന് പന്തലിച്ച് വലിയ ആൽമരമായി നിൽക്കുന്നത്. അതിനാൽ എതിരാളി സാമാന്യക്കാരനല്ല എന്ന ഉത്തമബോധത്തോടെ വേണം സുധാകരൻ ഓരോ ചുവടും മുന്നോട്ട് വയ്ക്കാൻ. കോൺഗ്രസിന് വളരാൻ പറ്റിയ മണ്ണ് ഇനിയും ഇവിടെ അവശേഷിക്കുന്നുണ്ട്. അതു കണ്ടറിഞ്ഞ് വിത്തുകൾ പാകി നല്ല വിളവെടുപ്പ് എടുക്കാനുള്ള ഉത്തരവാദിത്വമാണ് സുധാകരനിൽ നിക്ഷിപ്തമായിരിക്കുന്നത്.

ആലപ്പുഴയുടെ പ്രഭാവം കേരള രാഷ്ട്രീയത്തിൽ മങ്ങിവരുകയും കണ്ണൂർ പെരുമയുടെ ശക്തി പൂർവാധികം ശക്തിപ്രാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സന്ദർഭത്തിലാണ് സുധാകരന്റെയും കടന്നുവരവ്. നേതാക്കന്മാരുടെയും അണികളുടെയും വികാരം ഉൾക്കൊണ്ട് കോൺഗ്രസിനെ പുതിയ മാനങ്ങളിലേക്ക് വളർത്താൻ സുധാകരന് കഴിയട്ടെ എന്നാശംസിക്കുന്നു.

Advertisement
Advertisement