ഒരു ചുണ്ടങ്ങാ- വഴുതനങ്ങാ വിശേഷം

Thursday 10 June 2021 2:55 AM IST

ചൊവ്വാഴ്ച പി.ടി. തോമസ് ചുണ്ടങ്ങാ കൊടുത്ത്, ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നൊരു വഴുതനങ്ങാ വിനയപുരസരം ഏറ്റുവാങ്ങി.

സംഗതി വയനാട് മുട്ടിൽ സൗത്ത് വില്ലേജിലെ മരംമുറിക്കേസുമായി ബന്ധപ്പെട്ടാണ്. കേസിലെ പ്രതികളെപ്പറ്റി തോമസ് ചൊവ്വാഴ്ച ഉയർത്തിയ ആക്ഷേപം എന്തൊക്കെയോ പുകപടലങ്ങളുയർത്തിയെന്ന് മറ്റ് പലർക്കുമെന്നത് പോലെ മുഖ്യമന്ത്രിക്കും തോന്നിയിരിക്കാം. മാങ്കോ മൊബൈൽസ് കമ്പനിക്കാരുടെ വെബ്സൈറ്റ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തും മുൻപേ പ്രതികൾ അറസ്റ്റിലായതിനാൽ മുഖ്യമന്ത്രിക്ക് ഉദ്ഘാടനം നടത്തേണ്ടി വന്നില്ലെന്നായിരുന്നു തോമസിന്റെ കാടടച്ചുള്ള വെടി. ചൊവ്വാഴ്ച മുഖ്യമന്ത്രി ഉത്തരമൊന്നും പറഞ്ഞില്ല. ഇനി അങ്ങനെ വല്ലതുമുണ്ടായോയെന്ന് അദ്ദേഹവും സംശയിച്ച് പോയതാകാം!

ഇന്നലെ ബഡ്ജറ്റ് ചർച്ച അവസാനിക്കാറായപ്പോഴാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. പട്ടാപ്പകലിനെ കൂറ്റാക്കൂരിരുട്ടാക്കാൻ സഭയെ ഉപയോഗിക്കരുതെന്നദ്ദേഹം തോമസിനെ ഉപദേശിച്ചു. തോമസ് പറഞ്ഞ ആ ഉദ്ഘാടനം നടക്കേണ്ടിയിരുന്ന തീയതി മുഖ്യമന്ത്രി വെളിപ്പെടുത്തി. 2016 ഫെബ്രുവരി 29. താൻ അന്ന് മുഖ്യമന്ത്രിയല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആ മുഖ്യമന്ത്രി ആരാണെന്ന് വരുത്താൻ തോമസ് ആഗ്രഹിക്കുന്നുണ്ടാകാമെന്ന് കുത്തിനോവിച്ചു. കുറ്റവാളികൾക്ക് ഏത് മുഖ്യമന്ത്രിയുടെ മേലാണ് സ്വാധീനമെന്ന് അന്നത്തെ തീയതിയും കാലവുമൊക്കെ വച്ച് കണക്ക് കൂട്ടിക്കോളാൻ കല്പിച്ചു. സാധാരണഗതിക്ക് ഇത്തരം അബദ്ധങ്ങൾ പിണഞ്ഞാൽ മാപ്പ് പറയലാണ് നാട്ടുനടപ്പെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചെങ്കിലും, അതിൽ കൊരുക്കാൻ തോമസ് കൂട്ടാക്കിയില്ല. ഭരണപക്ഷക്കാരിൽ ചിലർ, മാപ്പ് പറയുന്നില്ലേയെന്നൊക്കെ വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു!

പെട്രോൾ, ഡീസൽ വില സെഞ്ച്വറിയിലേക്ക് കുതിക്കുന്നതാണ് പ്രതിപക്ഷത്ത് നിന്ന് എൻ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന അടിയന്തരപ്രമേയം. പെട്രോളിയം വില കൂടുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ ഏഴ് തവണ സംസ്ഥാനത്തിനുള്ള അധികനികുതി വേണ്ടെന്നുവച്ചെന്നാണ് ഷംസുദ്ദീന്റെ വാദം. വാഴ നനയുമ്പോൾ ചേനയും നനയുകയാണെന്നും എന്നാൽ ചേനയ്ക്ക് വെള്ളം കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെയെന്ന നിലപാടിലാണ് ഇടതുസർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനെയും പഞ്ചാബിനെയുമടക്കം ഉദാഹരിച്ച് കേരളത്തിലാണ് നികുതിനിരക്ക് കുറവെന്ന് സമർത്ഥിക്കാനാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മെനക്കെട്ടത്. വി.എസ് സർക്കാരും കഴിഞ്ഞ ഒന്നാം പിണറായി സർക്കാരും കൊടുത്ത നികുതിയിളവുകളുടെ കണക്കും നിരത്തി. കേന്ദ്രത്തിന്റെ കൊള്ളയ്ക്കെതിരെ നിലപാടെടുക്കാൻ നമ്മുടെ സമീപനത്തിലും ധാർമ്മികത വേണമെന്നാണ് സതീശന്റെ നിലപാട്. അതുകൊണ്ട് ബസുകാർക്കും ഓട്ടോക്കാർക്കും മറ്റും ഇന്ധന സബ്സിഡിയെങ്കിലും നൽകാൻ അഭ്യർത്ഥിച്ചാണ് ഇറങ്ങിപ്പോയത്.

സ്വന്തം മണ്ഡലമായ കുന്ദമംഗലത്തെ പരസ്യമായ കോലീബി സഖ്യത്തിന് തെളിവായി അവിടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് പി.ടി.എ. റഹിമാണ്. ഡി.സി.സിയുടെ ജനറൽ സെക്രട്ടറിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് പാണക്കാട് തങ്ങളാണത്രെ.

ലൈഫ്ബോയിയും ആരോഗ്യവും തമ്മിൽ ബന്ധമില്ലെങ്കിലും ലൈഫ്ബോയി ഉള്ളിടത്ത് ആരോഗ്യമുണ്ടെന്ന പരസ്യത്തിൽ വീണത് പോലെ, പിണറായി സർക്കാരിന്റെ പരസ്യത്തിലും ജനം മുങ്ങിപ്പോയെന്നാണ് എ.പി. അനിൽകുമാറിന്റെ കണ്ടെത്തൽ.

സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ സാഹചര്യവും ബലവും ദൗർബല്യവുമെല്ലാം തിരിച്ചറിയുന്ന നല്ല തേരാളിയായി ധനമന്ത്രി ബാലഗോപാലിനെ ചീഫ് വിപ്പ് എൻ. ജയരാജ് വിശേഷിപ്പിച്ചു. ഓരോ വാക്യത്തിലും തുടക്കവും ഒടുക്കവും സാർ എന്ന സംബോധനയോടെ തരൂർ അംഗം പി.പി. സുമോദ് പിണറായി സർക്കാരിന്റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞു. കെ.എം. സച്ചിൻദേവിന്റെ പ്രസംഗം കേട്ടുകഴിഞ്ഞപ്പോൾ പിണറായിയുടെ കാലത്ത് നടക്കാത്തതായി ഈ ഭൂമുഖത്തൊന്നും അവശേഷിക്കുന്നില്ലെന്ന പ്രതീതിയാണുളവായത്.

60 വർഷം മുമ്പ് 34 കാരനായ തന്റെ പിതാവ് സി.എച്ച്. മുഹമ്മദ് കോയ സ്പീക്കർ കസേരയിൽ ആദ്യമിരുന്ന ദിവസത്തിൽ പ്രസംഗിക്കുന്നതിലെ വൈകാരികത വിവരിച്ച ശേഷം ഡോ.എം.കെ.മുനീർ തുടർ പിണറായി ഭരണത്തെ തള്ളിപ്പറഞ്ഞു. ഇടതുപക്ഷരാഷ്ട്രീയത്തെ അട്ടത്ത് വച്ചും വൈരുദ്ധ്യാത്മക ഭൗതികവാദത്തെ വെയിലത്തുണക്കാനിട്ടും സി.എ.എ തള്ളിലൂടെയും ആണത്രെ ഈ തുടർഭരണം.

സി.എച്ചിന്റെ പേരിന് അപമാനമുണ്ടാക്കരുതെന്ന് എം.എം. മണി മുനീറിനെ ഓർമ്മിപ്പിക്കാതിരുന്നില്ല. പച്ചയായി കബളിപ്പിക്കുന്ന ബഡ്ജറ്റിലെ കണക്കുകളെല്ലാം കാപട്യമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റം ചാർത്തി. സാങ്കേതികത്വത്തിലേക്ക് വെറുതെ പോകാതെ കാര്യം കാണൂവെന്ന് ധനമന്ത്രി ബാലഗോപാൽ സതീശനോടഭ്യർത്ഥിച്ചു.

Advertisement
Advertisement