കാമുകിയെ ആരും കാണാതിരിക്കാൻ റഹ്‌മാൻ പ്രയോഗിച്ച ചില സൂത്രപ്പണികൾ സാധാരണക്കാരന് കഴിയുന്നതല്ല, 10 വർഷം ആ മുറിക്കുള്ളിൽ നടന്നത്...

Thursday 10 June 2021 7:47 AM IST

നെന്മാറ: മാതാപിതാക്കളും രണ്ട് സഹോദരങ്ങളും ഉൾപ്പെടുന്ന വീട്ടിൽ അയൽക്കാരിയെ വീട്ടുകാരറിയാതെ പത്തുവർഷം സ്വന്തം മുറിയിൽ താമസിപ്പിച്ച യുവാവിന്റെ 'അവിശ്വസനീയ"മായ കഥയിങ്ങനെ. കഴിഞ്ഞ പത്തുവർഷം എങ്ങനെ കടന്നുപോയി എന്ന് റഹ്മാനും സജിതയും വിവരിക്കുന്നു. പ്രണയത്തിന്റെ തുടക്കം 2010ൽ. പെൺകുട്ടിയുമായി ആദ്യം സൗഹൃദം. പിന്നീടത് പ്രണയമായി.

സ്വന്തമായി നിർമ്മിച്ച ലോക്കിൽ ജീവിതം സേഫ്

വീടിന് മൂന്നു മുറിയും ഇടനാഴിയും. ഇലക്ട്രിക് ജോലിയിൽ വിദഗ്ദ്ധനായ റഹ്മാൻ മുറിപൂട്ടാൻ വാതിലിന് അകത്തും പുറത്തും യന്ത്ര സംവിധാനം ഘടിപ്പിച്ചു. സ്വിച്ചിട്ടാൽ ലോക്കാവുന്ന ഓടാമ്പലും സജ്ജീകരിച്ചു. രണ്ടുവയറുകൾ വാതിലിന് പുറത്തേക്കിട്ടിരുന്നതിൽ തൊട്ടാൽ ഷോക്കടിക്കുമെന്ന ഭയം വീട്ടുകാരിലുണ്ടാക്കി. ജനലഴി ഇളക്കിമാറ്റി. വാതിലിനു പിറകിലൊരു ടേബിളും ചേർത്തുവച്ച് പ്രണയിനിക്ക് സുരക്ഷയൊരുക്കി. മുറിയിലിരുന്നാൽ വീട്ടിൽ വരുന്നവരെയും പോകുന്നവരെയും വാതിൽപ്പാളിയിലൂടെ കാണാം. രാത്രിയിൽ പുറത്തിറങ്ങുന്നതിന് പുറമെ പകൽസമയത്ത് ആളില്ലാത്ത സമയം കണ്ടെത്തി ടോയ്ലറ്റിൽ പോയി. വസ്ത്രങ്ങൾ വൃത്തിയാക്കി. പണിയ്ക്ക് പോയിവന്നാൽ റഹ്മാൻ മുറിയിലെ ടിവി ഉച്ചത്തിൽവയ്ക്കും. ഈ സമയത്താണ് ഇവരുടെ സംസാരം. ഒറ്റയ്ക്ക് മുറിയിൽ കഴിയുമ്പോൾ ടി.വി കാണാൻ യുവതിയ്ക്ക് ഇയർഫോൺ നൽകിയിരുന്നു.

കുടുംബത്തിന് സംശയം തോന്നാതിരിക്കാൻ മാനസിക വിഭ്രാന്തിയുള്ള ആളെപ്പോലെ പെരുമാറി. എല്ലാവർക്കുമൊപ്പം ഭക്ഷണം കഴിക്കാതെ മുറിയിലേക്ക് കൊണ്ടുപോയി കഴിക്കുന്നത് ശീലമാക്കി. ഒരു ഗ്ളാസിന് പകരം വലിപ്പമുള്ള കപ്പിൽ ചായ വേണമെന്ന് വാശിപിടിച്ചു. മാനസിക നില തെറ്റിയ മകനെന്ന പരിഗണനയിൽ രക്ഷിതാക്കൾ ചോദ്യങ്ങളില്ലാതെ അനുസരിച്ചു.സ്വഭാവ വത്യാസം കണ്ട വീട്ടുകാർ ഒരിക്കൽ റഹ്മാനെ മന്ത്രവാദിയുടെ അടുക്കലേക്കും കൊണ്ടുപോയിരുന്നു. എങ്കിലും സത്യം ലോകമറിയുമോ എന്ന ഭയമായി. അതോടെ മൂന്നുമാസം മുമ്പ് സജിതയുമായി വീടുവിട്ടിറങ്ങി. കഴിഞ്ഞദിവസം നെന്മാറയിൽവച്ച് സഹോദരൻ കണ്ടതോടെയാണ് നീണ്ട പത്തുവർഷത്തെ ഒളിച്ചുകളി പുറംലോകം അറിയുന്നത്.