നടുവൊടിഞ്ഞു

Friday 11 June 2021 12:24 AM IST

കോട്ടയം : ദിവസവും കുതിക്കുന്ന ഇന്ധന വിലവർദ്ധനവ് സാധാരണക്കാരെ ഗുരുതരമായി ബാധിക്കുകയാണ്. കൊവിഡിന്റെ പ്രതിസന്ധിക്കിടെ നടുവൊടിക്കുകയാണ് ഇന്ധന വില. ഈ പോക്കാണെങ്കിൽ ജില്ലയിൽ ദിവസങ്ങൾക്കുള്ളിൽ പെട്രോൾ വില സെഞ്ച്വറിയിലെത്തും. സാധനങ്ങളുടെയെല്ലാം വില ഇനിയും ഉയരും. ജീവിക്കാൻ പെടാപ്പാട് പെടേണ്ടിവരും. പെട്രോൾ, ഡീസൽ, പാചക വാതകമിങ്ങനെ എല്ലാത്തിനും വില ഉയരുമ്പോൾ പ്രതിഷേധം പോലും ഫലം കാണുന്നില്ല. ഇന്ധന വിലക്കയറ്റത്തിൽ പൊറുതി മുട്ടിയ ജില്ലയിലെ സാധാരണക്കാർ പ്രതികരിക്കുന്നു...

അടിക്കടിയുള്ള ഇന്ധനവിലവർദ്ധനവ് മൂലം നിത്യോപയോഗസാധനങ്ങളും നിർമ്മാണസാമഗ്രികളുമടക്കം സകലതിന്റേയും വില കുതിച്ചുയരുകയാണ്.അതിനനുസരിച്ച് സാധാരണക്കാരന്റെ വരുമാനം വർദ്ധിക്കുന്നുമില്ല. വിലവർദ്ധനയിൽ കഷ്ടപ്പെടുന്ന ജനത്തിന് ആശ്വാസമെത്തിക്കാൻ അടിയന്തിര നടപടി ഉണ്ടാകണം.
സുനിൽ സീബ്ലു, സെക്രട്ടറി,എസ്.എൻ.ഡി.പി
യോഗം 55-ാം നമ്പർ കാഞ്ഞിരപ്പള്ളി ശാഖ


ഇപ്പോൾ എല്ലാവരും രാവിലെ ആദ്യം അന്വേഷിക്കുന്നത്. പെട്രോളിനും ഡീസലിനും എത്രരൂപ കൂടി എന്നതാണ്. അതിനനുസരിച്ചാണ് അന്നത്തെ കുടുംബബഡ്ജറ്റ് തയ്യാറാക്കുന്നത്. ഇടിത്തീപോലെ തലയിൽ പതിക്കുന്ന ഈ നിത്യദുരന്തം ഒഴിവാക്കാൻ ശക്തമായ ജനകീയപ്രതിഷേധം ഉയരണം.
അഡ്വ.അഫ്‌സൽഹനീഫ്, പാലമൂട്ടിൽ,പൊൻകുന്നം


മുൻകാലങ്ങളിൽ ജീവിച്ചതുപോലെ അടുക്കള ബഡ്ജറ്റ് ഒരുക്കുവാൻ സാധിക്കാതെ വരുന്നു. ഡീസൽ, പെട്രോൾ വില കുതിച്ചുയർന്നതുമൂലം പാൽ മുതൽ പലവ്യഞ്ജനങ്ങൾ വരെയുള്ള ഒരു മാസക്കാലയളവ് സാധനങ്ങൾ വാങ്ങാൻ സാധിക്കാതെ വരുന്നു. പാചകവാതക വിലയെയും വർദ്ധനവ് ബാധിക്കുമോയെന്നതാണ് ആശങ്ക.
മേരി തോമസ് അമയന്നൂർ, വീട്ടമ്മ


പെട്രോളിന്റെ വില കൂടിയത് കുടുംബബഡ്ജറ്റിനെ നന്നായി ബാധിച്ചിട്ടുണ്ട്. കോട്ടയം ടൗണിൽ തന്നെ വീടായത് കൊണ്ട് കൂടുതലും ഓട്ടോയെ ആണ് ആശ്രയിക്കുന്നത്. നാഗമ്പടം വരെ പോകാൻ 70-80 രൂപ വരെ ഓട്ടോ ചാർജ് ഈടാക്കുന്നുണ്ട്. നേരത്തെ സ്‌കൂട്ടറിൽ 100 രൂപയ്ക്ക് പെട്രോൾ അടിച്ചാൽ 6,7 ദിവസം സുഖമായി എന്റെ ആവശ്യങ്ങൾക്ക് പോകാമായിരുന്നു. ഇപ്പോൾ അത് പറ്റില്ല. വില കൂടുന്നതിനനുസരിച്ച് അളവിൽ കുറവ് വരികയാണ്.
സീലിയ ബാസ്റ്റിൻ കോട്ടയം, പി.ജി വിദ്യാർത്ഥിനി


ബസിനെ ആശ്രയിച്ചും സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചുമാണ് ജോലിയ്ക്ക് പോയിരുന്നത്. നിലവിലെ സാഹചര്യത്തിൽ സ്‌കൂളിൽ പോകുന്നില്ലെങ്കിലും ബസ് ഓടിത്തുടങ്ങുന്ന സമയത്ത് ഇന്ധനങ്ങളുടെ വില വർദ്ധനവ് മിനിമം ചാർജും, ബസ് ഫെയറും വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുമോ എന്ന ആശങ്കയുമുണ്ട്. കൂലിവേല ചെയ്യുന്നവർ മുതൽ മാസശമ്പളം വാങ്ങുന്നവരെയും ഇത് ഒരുപോലെയാണ് ബാധിക്കുന്നത്.
ലിബിന രഞ്ജിത്ത്, അദ്ധ്യാപിക കളത്തിൽപ്പടി

Advertisement
Advertisement