പാളം കയറാൻ തലശേരി - മൈസൂരു റെയിൽപാത: ആദ്യം സർവ്വേ, പിന്നെ അന്തിമ റൂട്ട്

Thursday 10 June 2021 9:07 PM IST

കണ്ണൂർ : ഒരു നൂറ്റാണ്ടായി എങ്ങുമെത്താതെ നീളുന്ന മലബാറിന്റെ സ്വപ്നപദ്ധതിയായ തലശേരി- മൈസൂരു റെയിൽപാതയുടെ സർവ്വേ പൂർത്തിയാക്കിയ ശേഷം അന്തിമ റൂട്ട് നിശ്ചയിക്കും. കേരള റെയിൽ വികസന കോർപ്പറേഷൻ ചുമതലപ്പെടുത്തിയതുപ്രകാരം കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ്‌ പ്രാരംഭ സർവേ നടത്തുന്നത്‌. ഇതനുസരിച്ചാകും വിശദമായ പദ്ധതി റിപ്പോർട്ട്‌ (ഡി.പി.ആർ) തയ്യാറാക്കുക.
കണ്ണൂർ, കോഴിക്കോട്‌, വയനാട്‌ ജില്ലകൾ കടന്നാണ്‌ നിർദിഷ്‌ട പാത കർണാടകവുമായി ബന്ധിപ്പിക്കുന്നത്‌. കേരളാതിർത്തിക്കുള്ളിൽ സർവേ പൂർത്തിയാക്കി ഡി.പി.ആർ തയ്യാറാക്കും. കർണാടക ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. കുടകിന്റെ ജൈവവൈവിധ്യത്തെ നശിപ്പിക്കുമെന്നാണവരുടെ വാദം. നാഗർഹോള, ബന്ദിപ്പൂർ വനമേഖലയിലൂടെ ഒഴുകുന്ന കബനി നദിയ്‌ക്കടിയിൽ ടണൽ നിർമിച്ച്‌ ജൈവവൈവിധ്യം സംരക്ഷിച്ചുള്ള റെയിൽപാതയെന്ന നിർദേശവുമുണ്ട്‌.

സംസ്ഥാനത്തിന് ഏറെ പ്രയോജനം

തലശ്ശേരി-മൈസൂരു റെയിൽ പാത യാഥാർത്ഥ്യമായാൽ കേരളത്തിലെ യാത്രക്കാർക്കാകെ ഗുണപ്രദമാവും. കാരണം, നിലവിൽ തിരുവനന്തപുരത്ത് നിന്നോ, എറണാകുളത്ത് നിന്നോ, കണ്ണൂർ, കോഴിക്കോട് ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് ട്രെയിൻ മാർഗ്ഗം മൈസൂരി ലേക്ക് പോകണമെങ്കിൽ ഷൊറണൂരിൽ നിന്ന് പാലക്കാട് - കോയമ്പത്തൂർ - ഈ റോഡ്- സേലം - ധർമ്മപുരി - ഹൊസൂർ_ ബാംഗ്ളൂർ വഴി മൈസൂരിലേക്കെത്തിച്ചേരാൻ 617 കി.മീറ്ററുകൾ യാത്ര ചെയ്യ ണം.

തലശ്ശേരി - മൈസൂരു പാത യാഥാർത്ഥ്യമായാൽ തലശ്ശേരി- മാനന്തവാടിവഴി മൈസൂരി ലേക്ക് പരമാവധി 240 കി.മീറ്ററുകളാണ് കണക്കാക്കിയിട്ടുള്ളത്. ഷൊറണൂരി ൽ നിന്ന് തലശ്ശേരിയിലെ ത്താൻ 154 കി.മീറ്ററാണ് ദൂരം. ഷൊറണൂരിൽ നിന്ന് തല ശ്ശേരി വഴി മൈസൂരിലെ ത്താൻ 223 കി.മീറ്ററുകളുടെ ലാഭം.കണ്ണൂർ - കാസർകോട് - മംഗലാപുരം - ഹാസൻ -സുബ്രഹ്മ ണ്യപുര വഴി പോകുന്ന ട്രെയിനും മൈസൂരിലെത്താൻ15 മണിക്കൂറോളം സമയമെടുക്കുന്നുണ്ട്.ഇത് പകുതിയിൽ താഴെയായി കുറയും.

മൺസൂൺ കാലത്ത് കൊങ്കൺപാതയ്ക്കും ബദലാകും.

കൊങ്കൺറൂട്ടിൽ നിലവിൽ ഒറ്റപ്പാതയായതിനാൽ മഴക്കാലങ്ങളിൽ സമയമാറ്റമുണ്ടാവാറുണ്ട്.മഴയത്ത് മണ്ണിടിച്ചിലും സാധാരണയാണ്. തലശ്ശേരി-മൈസൂരു പാത വന്നാൽ ഇതിന് വലിയൊരുപരിഹാരമുണ്ടാവും. കൊങ്കൺ വഴി പോവേണ്ടു ന്ന ദീർഘദൂര ട്രെയിനുകൾ ക്ക് തലശ്ശേരി മൈസൂർ പാത വഴി മൈസൂരിൽ നിന്നും ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലേക്ക് വഴി തിരിച്ച് വിടാം.

എറണാകുളത്തെ മെട്രോ മാതൃകയിൽ പൊന്നും വിലയ്ക്ക് സ്ഥലമെടുത്ത് തലശേരി- മൈസൂരു റെയിൽപാത യാഥാർഥ്യമാക്കണം. കർണാടക സർക്കാർ ഇപ്പോൾ കാണിക്കുന്ന അലംഭാവം ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം-

കെ.വി.ഗോകുൽദാസ്

ചെയർമാൻ, തലശേരി- മൈസൂരു റെയിൽപാത ആക്ഷൻ ഫോറം

Advertisement
Advertisement