കാരിച്ചിറ തോടിന് ശാപമോക്ഷം

Friday 11 June 2021 12:00 AM IST
പാണാവള്ളി കാരിച്ചിറ തോട് ഡി.വൈ.എഫ്. ഐ പുല്ലാറ്റുവെളി യൂണിറ്റിലെ പ്രവർത്തകർ ശുചിയാക്കുന്നു.

പൂച്ചാക്കൽ : പോളയും പ്ലാസ്റ്റിക് മാലിന്യവും അടിഞ്ഞ് ഒരു പതിറ്റാണ്ടിലധികമായി നീരൊഴുക്ക് തടസപ്പെട്ടിരുന്ന പാണാവള്ളി കാരിച്ചിറ തോട് ഡി.വൈ.എഫ്.ഐ പുല്ലാറ്റുവെളി യൂണിറ്റ് പ്രവർത്തകർ വൃത്തിയാക്കി. വേമ്പനാട് കായലിനോട് ചേർന്നുള്ള പൂച്ചാക്കൽ തോടും ഉളവയ്പ് കായലിന്റെ ഇടത്തോടായ ആന്നല തോടും തമ്മിൽ ബന്ധിപ്പിക്കുന്ന കാരിച്ചിറ തോടിന് അഞ്ചു കിലോമീറ്റർ നീളമുണ്ട്. റോഡുഗതാഗതം ഇല്ലാതിരുന്ന കാലത്ത് വള്ളങ്ങളിലൂടെ ചരക്ക് നീക്കം നടത്തിയിരുന്നത്‌ ഈ തോട്ടിലൂടെയാണ്. പല ഭാഗങ്ങളിലും തോട് കൈയേറി നികത്തിയതു മൂലം നീരൊഴുക്ക് തടസപ്പെട്ടു. കൂഞ്ഞിലിവട്ടം, പുല്ലാറ്റ്, എടപ്പങ്ങഴി ,കരിപ്പായി ,കളപ്പുരക്കൽ, നാൽപ്പത്തെണ്ണീശ്വരം, പായിപ്പാട് തുടങ്ങിയ പാടശേഖരങ്ങളിലേക്ക് ഒഴുകി എത്തുന്ന മഴവെള്ളം ഇടത്തോടുകളിലൂടെ എത്തി കാരിച്ചിറ തോടു വഴിയാണ് കായലിലേക്ക് ഒഴുകിയിരുന്നത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ എസ്.സജീവ്, ഷെമീർ, ജി.വിഷ്ണു, എസ്.ശരത്ത്, ലിബിൻ, ലിപ്സൺ, ബിനു, വിജീഷ്, സിജിൽ കൃഷ്ണ, അജിത്ത് തുടങ്ങിയവർ തോട് ശുചീകരണത്തിന് നേതൃത്വം നൽകി.

''നീരൊഴുക്ക് നിലച്ച എല്ലാതോടുകളുടേയും തടസങ്ങൾ നീക്കി വെള്ളക്കെട്ട് ഒഴിവാക്കാൻ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഉടൻ നടപ്പിലാക്കും.ജെ.സി.ബി ഉപയോഗിച്ച് തോടുകളുടെ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കും

പി.എം.പ്രമോദ്, തൈക്കാട്ടുശേരി

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്

Advertisement
Advertisement