ടൂറിസം തളിർക്കാൻ വിത്താരിടും

Thursday 10 June 2021 11:33 PM IST

തൃശൂർ : സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വിനോദ സഞ്ചാരമേഖല തളിർക്കണമെങ്കിൽ സമയമേറെയെടുത്തേക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സംരക്ഷണ ചുമതലയിലുള്ള ജീവനക്കാരുടെ ശമ്പളം വരെ മുടങ്ങുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ.
ഒന്നാം ലോക് ഡൗണിലും രണ്ടാം ലോക്ഡൗണിലും ആദ്യം അടച്ചു പൂട്ടിയതാണ് ഈ മേഖല. വൈകിയാണ് തുറക്കാനാകുന്നതും.

2020 മാർച്ചിൽ ലോക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇതുവരെയുള്ള കാലയളവിൽ കൊവിഡ് വ്യാപനം വളരെ കുറഞ്ഞ എതാനും ആഴ്ച്ചകൾ മാത്രമാണ് മേഖല തുറന്ന് പ്രവർത്തിച്ചത്. സ്‌നേഹ തീരം പോലുള്ള ബീച്ചുകളിലാണ് കൂടുതൽ പേരെത്തിയത്. ഒരേ സമയം നൂറിൽ താഴെ പേർക്ക് മാത്രമായിരുന്നു അനുമതി. ഇത്തരം കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോകാൾ ലംഘിച്ച് ആയിരങ്ങളാണെത്തിയത്. ഇതോടെ നിയന്ത്രണം കർശനമാക്കി. ഇതിനോടകം ടൂറിസം മേഖലയുടെ രണ്ട് സീസണുകൾ നഷ്ടപ്പെട്ടു. അടുത്ത സീസണും നഷ്ടപ്പെടാനുള്ള സാഹചര്യവുമുണ്ട്. അങ്ങനെ വന്നാൽ പ്രതിസന്ധി വർദ്ധിക്കും. കഴിഞ്ഞ ലോക്ഡൗണിന് മുമ്പ് സർക്കാർ അനുവദിച്ച 30 ലക്ഷം രൂപകൊണ്ടാണ് ഇതുവരെയുള്ള പ്രവർത്തനം മുന്നോട്ട് പോയത്.

ടൂറിസം കേന്ദ്രങ്ങൾ നാശത്തിന്റെ വക്കിൽ

വിനോദ സഞ്ചാരികൾക്ക് പ്രവേശനം ഇല്ലാതായതോടെ ടൂറിസം കേന്ദ്രങ്ങൾ നാശത്തിന്റെ വക്കിലാണ്. പല സ്ഥലങ്ങളിലും പുല്ല് നിറഞ്ഞ് കടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഉപയോഗിക്കാതെ കിടക്കുന്നത് മൂലം കുട്ടികളുടെ കളിയുപകരണങ്ങളും മറ്റും തുരുമ്പെടുത്ത് തുടങ്ങി. ഗാർഡനുകളിലും മറ്റും താത്കാലിക ജീവനക്കാരെ വച്ച് ഇടവിട്ട് പരിചരണം നടത്തുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇതും കാര്യമായി നടക്കുന്നില്ല. പീച്ചി പോലുള്ള സ്ഥലങ്ങളിൽ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്.

ടൂർ പാക്കേജ് ഒന്നിൽ നിന്ന് തുടങ്ങണം

ടൂർ പാക്കേജിലൂടെ നല്ലൊരു വരുമാനമായിരുന്നു ഡി.ടി.പി.സിക്ക് ലഭിച്ചിരുന്നത്. എന്നാൽ ഒന്നര വർഷമായി ഇതെല്ലാം നിലച്ചു. ഡി.ടി.പി.സിയുടെ കീഴിൽ ഒരു ലക്ഷ്വറി ബസും ഒരു ട്രാവലറും തുമ്പൂർ മുഴി ടൂറിസം കേന്ദ്രത്തിന് ലക്ഷ്വറി ബസ് അടക്കം അഞ്ച് വാഹനങ്ങളാണ് ടൂർ പാക്കേജിൽ നൽകിയിരുന്നത്. ഇതിൽ ഒരു ട്രാവലർ സർക്കാരിന്റെ കൊവിഡ് പ്രവർത്തനങ്ങൾക്ക് നൽകി. ബാക്കിയുള്ളവയെല്ലാം ഉപയോഗിക്കാതെ കിടക്കുന്നത് മൂലം നാശത്തിന്റെ വക്കിലാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നാലും ടൂർ പാക്കേജ് ആരംഭിക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും. നാലമ്പല ദർശനം ഉൾപ്പെടെ പാക്കേജിൽ ഉൾപ്പെടുത്തി നടത്താറുണ്ട്.

നൂറോളം ജീവനക്കാർ ആശങ്കയിൽ

ടൂറിസം കേന്ദ്രങ്ങളുടെ പരിചരണത്തിന് നൂറോളം താത്ക്കാലിക ജീവനക്കാരാണുള്ളത്. മുഴുവൻ ജീവനക്കാർക്കും ജോലിയില്ലാത്ത സ്ഥിതിയാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഇവർക്ക് ജോലി നൽകുന്നുണ്ട്.

പ്രവേശനത്തിനുള്ള നിയന്ത്രണം ഒഴിവായാൽ ഉടനെ തുറന്ന് കൊടുക്കാനാകും. ഗാർഡൻ ഉൾപ്പെടെ സ്ഥലങ്ങൾ പരിചരിച്ച് വരുന്നുണ്ട്. സഞ്ചാരികൾ കൂടുതലെത്തി തുടങ്ങിയാൽ പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാകും


ഡോ. കവിത
ഡി.ടി.പി.സി സെക്രട്ടറി.

ഡി.ടി.പി.സിയുടെ കീഴിലെ കേന്ദ്രങ്ങൾ

തുമ്പൂർ മുഴി
പീച്ചി
വാഴാനി
പൂമല
വിലങ്ങൻകുന്ന്
കലശമല
ചാവക്കാട് ബീച്ച്
സ്‌നേഹതീരം പാർക്ക്

വനം വകുപ്പിന് കീഴിൽ

അതിരപ്പിള്ളി
വാഴച്ചാൽ

Advertisement
Advertisement