5.22 ലക്ഷം ലാഭിക്കാൻ ശ്രമിച്ചു, വെള്ളത്തിലായത് 1.19 കോടി

Friday 11 June 2021 12:00 AM IST
തെരുവ് വിളക്കുകൾ

 അഴിമതി മണത്ത് കായംകുളം നഗരസഭ

കായംകുളം: തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ മാസം കെ.എസ്.ഇ.ബിക്ക് നൽകേണ്ടിവരുന്ന 5.22 ലക്ഷം രൂപ ലാഭിക്കാൻ 1.19 കോടി മുടക്കി കായംകുളം നഗരസഭ എൽ.ഇ.ഡി, സി.എഫ്.എൽ ലൈറ്റുകൾ സ്ഥാപിച്ചതിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. പദ്ധതി നടപ്പാക്കി മൂന്നു വർഷം കഴിഞ്ഞിട്ടും വൈദ്യുതി ചാർജിൽ കുറവുണ്ടായിട്ടില്ല.

2016 -2018 കാലയളവിലാണ് നഗരസഭ പരിധിയിൽ എൽ.ഇ.ഡി, സി.എഫ്.എൽ, എൽ.ഇ.ഡി ഫ്ളഡ് ലൈറ്റുകൾ എന്നിവ സ്ഥാപിച്ചത്. എന്നാൽ

ഓരോ വാർഡിലും എത്ര ലൈറ്റുകൾ വീതം സ്ഥാപിച്ചെന്നോ, ഏതുതരം ലൈറ്റാണ് സ്ഥാപിച്ചതെന്നോ, നിലവിലുണ്ടായിരുന്നത് ഏതു ലൈറ്റ് ആയിരുന്നുവെന്നോ ഉള്ള കൃത്യമായ യാതൊരു വിവരവും നഗരസഭയിലില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്ഥാപിച്ചെന്നു പറയുന്നവയിൽ 90 ശതമാനവും ഇപ്പോൾ കാണാനുമില്ല. കെ.എസ്.ഇ.ബിയും നഗരസഭ എൻജിനീയറിംഗ് വിഭാഗവും സംയുക്ത വിവരശേഖരണം നടത്തിയിട്ടും വൈദ്യുതി ഉപയോഗത്തിലെ കുറവ് കണക്കാക്കാൻ കഴിയാത്തതിനാൽ ഇപ്പോഴും പഴയ രീതിയിലാണ് നഗരസഭ വൈദ്യുതി ചാർജ് അടയ്ക്കുന്നത്.

--------------------------

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നഗരഭരണ നേതൃത്വത്തിന്റെയും പങ്ക് വിജിലൻസ് അന്വേഷണത്തിലൂടെ കണ്ടെത്തി കുറ്റക്കാരിൽ നിന്നു തുക ഈടാക്കി ശിക്ഷാ നടപടികൾ സ്വീകരിക്കണം

കെ. രാജേന്ദ്രൻ, പ്രസിഡന്റ്‌, ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി, കായംകുളം

-----------------

നഗരസഭ പരിധിയിൽ 1.19 കോടി മുടക്കി തെരുവിളക്കുകൾ സ്ഥാപിച്ച പദ്ധതിയിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നത്. അതിനാൽ വിജിലൻസ് അന്വേഷണം വേണം.

കെ.പുഷ്പദാസ്, നഗരസഭ മുൻ ചെയർമാൻ

Advertisement
Advertisement