കട്ടിംഗും ഷേവിംഗുമില്ല,​ ബാർബ‌‌ർ ജീവനക്കാ‌ർ ദുരിതത്തിൽ

Friday 11 June 2021 2:38 AM IST

പോത്തൻകോട്: കൊവിഡ് രണ്ടാം വ്യാപനം കടുത്തതോടെ രോഗവ്യാപനം നിയന്ത്രിക്കാനയി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ വരുമാനമില്ലാതായി സംസ്ഥാനത്തെ ബാർബർ ഷോപ്പ് ഉടമകളും ജീവനക്കാരും. ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിന് മുൻപുതന്നെ രോഗവ്യാപന ഭീഷണിയെ തുടർന്ന് ബാർബർ ഷോപ്പുകളിലും ബ്യൂട്ടിപാർലറുകളിലും എത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിരുന്നു. ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ വായ്പകളും കടംവാങ്ങലുമായി പിടിച്ചുനിൽക്കാൻ ശ്രമിക്കുമ്പോഴാണ് ഇവർക്ക് മുകളിൽ ഇടിത്തീയായി രണ്ടാം ലോക്ക്ഡൗൺ വന്നുപതിച്ചത്. അതോടെ ഇവർ അക്ഷരാർത്ഥത്തിൽ തകർന്നിരിക്കുകയാണ്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടങ്ങളിലാണ്. മാസവാടക മുടങ്ങിയതോടെ കെട്ടിടഉടമകളുടെ ഭീഷണി വേറെയും.സംസ്ഥാനത്ത് 50000ത്തോളം ബാർബർ ഷോപ്പുകളിലായി 65000 തൊഴിലാളികളും 15000 അന്യസംസ്ഥാന തൊഴിലാളികളും ജോലിനോക്കുന്നുണ്ട്. വൻകിട ബ്യുട്ടിപാർലറുകളെ കൂടാതെ ഒന്നരലക്ഷം പാർലറുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. അതിൽ വനിതകൾ ഉൾപ്പെടെ മൂന്നുലക്ഷം ബ്യുട്ടീഷ്യന്മാരും 1.20 ലക്ഷം തൊഴിലാളികളും 75000ലേറെ അന്യസംസ്ഥാന തൊഴിലാളികളും ജോലിചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം വരുമാനം പൂർണമായും നിലച്ചമട്ടാണ്. ലോക്ക്ഡൗൺ കഴിഞ്ഞാലും ഇവയുടെ പ്രവർത്തനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതും ഇവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അസംഘടിത ക്ഷേമനിധി ബോർഡിൽ നിന്ന് 1000 രൂപ ധനസഹായം നൽകുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും അംഗത്വം ഇല്ലാത്തതിനാൽ പകുതിയിലേറെ പേർക്ക് അതിന്റെ പ്രയോജനം ലഭിക്കില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

വെല്ലുവിളികളേറെ

വരുമാനവും തൊഴിൽ നഷ്ടവും കൂടാതെ ഇവരെ അലട്ടുന്ന പ്രധാനപ്രശ്നങ്ങളിൽ ഒന്നാണ് ഉപകരണങ്ങൾക്കും സാധനസാമഗ്രികൾക്കും കേടുപാടുകൾ സംഭവിക്കുന്നത്. ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന മേക്കപ്പ്ക്കിറ്റുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗശൂന്യമായാൽ നേരിടേണ്ടിവരുന്നത് വിലയ സാമ്പത്തികബാദ്ധ്യത ആയിരിക്കും. കൂടാതെ അടഞ്ഞുകിടക്കുന്ന ഷോപ്പുകൾ വീണ്ടും പ്രവർത്തനസജ്ജമാക്കാൻ അധികതുക കണ്ടെത്തേണ്ടിയും വരും. വാടക, കറന്റ് ബില്ല്, വാട്ടർ ബില്ല് ഉൾപ്പെടെ മുടങ്ങിയിരിക്കുകയാണ്. 85 ശതമാനം ബാർബർമാരും അന്നത്തെ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നവരാണ്.

 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ മുഴുവൻ ബാർബർ- ബ്യൂട്ടീഷ്യൻസ് സ്ഥാപനങ്ങളും അടച്ചിട്ടിട്ട് ഒരു മാസത്തോളമായി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലാണ്. സർക്കാർ പ്രത്യേക പരിഗണന നൽകിയില്ലെങ്കിൽ ജീവിതം ദുരിതപൂർണമാകും. കൂടാതെ സാമൂഹികഅകലം പാലിക്കാൻ കഴിയാത്ത തൊഴിൽവിഭാഗം എന്ന നിലയിൽ മുൻഗണനാ വിഭാഗത്തിൽപ്പെടുത്തി വാക്‌സിൻ നൽകണം

ആറ്റിപ്ര മണിയൻ,​

കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ്

അസോസിയേഷൻ സെക്രട്ടറി

Advertisement
Advertisement