പരിശോധന തുടർന്ന് പൊലീസ്

Friday 11 June 2021 2:48 AM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണം കർശനമായി തുടർന്ന് പൊലീസ്. ഭക്ഷ്യവസ്തുക്കൾ,പച്ചക്കറികൾ,പാൽ,മീൻ,മാസം, ഇലക്ട്രിക്കൽ,പ്ലംബിംഗ് വസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകളും ബേക്കറികളും മാത്രമേ ഇന്നലെ പ്രവർത്തിച്ചുള്ളൂ. അതേസമയം മെഡിക്കൽ ആവശ്യങ്ങൾക്ക് വന്നവരെയടക്കം നഗരാതിർത്തികളിൽ തടഞ്ഞത് വാക്കുതർക്കങ്ങൾക്കിടയാക്കി. രാവിലെ 9 മുതൽ വൈകിട്ട് 7.30 വരെ കടകൾക്ക് പ്രവർത്തനാനുമതിയുണ്ടെങ്കിലും പൊലീസ് ഇതിന് മുൻപ് കടകൾ അടപ്പിച്ചതായി ആക്ഷേപമുയർന്നു. നഗര ഗ്രാമ പ്രദേശങ്ങളിൽ പരിശോധന കടുപ്പിച്ചതോടെ ഗതാഗതക്കുരുക്കും ഇരട്ടിച്ചു. രാവിലെയും വൈകിട്ടുമാണ് പൊലീസ് പരിശോധനകൾ കടുപ്പിക്കുന്നത്.നഗരത്തിലെ പ്രധാന റോഡുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മുന്നിൽ കൂട്ടംകൂടുന്നവരെ താക്കീത് നൽകി പറഞ്ഞയ്ക്കുകയും കടകൾക്ക് മുന്നിലൂടെയുള്ള പട്രോളിംഗ് പൊലീസ് വർദ്ധിപ്പിക്കുകയും ചെയ്തു. നിയന്ത്രണങ്ങളും പരിശോധനയും കടുപ്പിച്ചിട്ടും നിസാര കാരണങ്ങൾ പറഞ്ഞ് കൂടുതൽ പേർ പുറത്തിറങ്ങുന്നതായി പൊലീസ് പറഞ്ഞു. ഇവർക്ക് കനത്ത പിഴ ചുമത്തി വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.സിറ്റിയിൽ ഇന്നലെ 527 കേസുകളിലായി 60പേരെ പിടികൂടി. 246 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. റൂറൽ മേഖലയിൽ 1088 കേസുകളിലായി 547 പേർ പിടിയിലായി. 938 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

Advertisement
Advertisement