നിർമ്മാണത്തിലും വേണം ഇരട്ടക്കുതിപ്പ്

Friday 11 June 2021 3:23 AM IST

കേരളത്തിന്റെ നാനാമുഖമായ വികസനത്തിനും ആരോഗ്യസുരക്ഷയ്ക്കും ഉതകുന്ന രണ്ടു ബൃഹത് പദ്ധതികൾക്കാണ് ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടായിരിക്കുന്നത്. ഏറെനാളായി പറഞ്ഞുകേൾക്കുന്ന അതിവേഗ റെയിൽ പദ്ധതിയാണ് ഇതിലൊന്ന്. തിരുവനന്തപുരത്തെ തോന്നയ്ക്കലിലുള്ള ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉത്‌പാദിപ്പിക്കാനുള്ള പദ്ധതിയാണ് രണ്ടാമത്തേത്. രണ്ടു പദ്ധതികളും എത്രയും വേഗം പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനുള്ള നടപടികളും ഇതോടൊപ്പം തന്നെ എടുത്തുവെന്നതാണ് എടുത്തുപറയേണ്ട കാര്യം. ഔപചാരികമായ അനുമതികൾക്കൊന്നും കാത്തുനിൽക്കാതെ മുന്നൊരുക്കങ്ങൾ ചെയ്തുവച്ചാൽ നിർമ്മാണ ജോലികൾ വേഗത്തിലാക്കാൻ കഴിയും. ഈ ലക്ഷ്യത്തോടെയാണ് അതിവേഗ റെയിൽ പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി 2100 കോടി രൂപ കിഫ്‌ബിയിൽ നിന്നു ലഭ്യമാക്കാനുള്ള തീരുമാനം. 1226 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കു വേണ്ടിവരുന്നത്. ഭൂവുടമകൾക്ക് കമ്പോള വിലയുടെ നാലു മടങ്ങു വരെ നഷ്ടപരിഹാരമായി നൽകേണ്ടിവരുമ്പോൾ ഭൂമി ഏറ്റെടുക്കലിനു മാത്രം 8656 കോടി രൂപ വേണ്ടിവരും. കിഫ്‌ബിയിൽ നിന്നുള്ള 2100 കോടി രൂപയ്ക്കു പുറമെ ഹഡ്‌കോയിൽ നിന്ന് 3000 കോടി രൂപ ഭൂമി ഏറ്റെടുക്കാനായി വായ്പ എടുക്കും. സംസ്ഥാന - കേന്ദ്ര വിഹിതം ഇതിനു പുറമെയാണ്.

നാലുമണിക്കൂറിൽ തിരുവനന്തപുരം - കാസർകോട് ഓട്ടം പൂർത്തിയാക്കാനാവുന്ന അതിവേഗ ട്രെയിൻ പദ്ധതിക്ക് 66405 കോടി രൂപയാണു നിർമ്മാണച്ചെലവു കണക്കാക്കിയിരിക്കുന്നത്. സംസ്ഥാനം ഇതുവരെ ഏറ്റെടുത്തിട്ടുള്ള പദ്ധതികളിൽ വച്ചേറ്റവും വലിയ പദ്ധതിയാണിത്. അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന 'സിൽവർ ലൈൻ" സംസ്ഥാനത്തിന്റെ ഭാവി വികസന ഭൂപടത്തിൽ സുപ്രധാന ഇനമാകുമെന്നതിൽ സംശയമില്ല. പതിനൊന്നു ജില്ലകളിലൂടെ കടന്നുപോകുന്ന അതിവേഗ പാത ഭൂമി ഏറ്റെടുക്കൽ പ്രശ്നത്തിൽ ഇതിനകം തന്നെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയിട്ടുണ്ടെന്നുള്ളതാണ് ആശങ്കയുളവാക്കുന്നത്. പ്രതിഷേധക്കാരുടെ കൂട്ടത്തിൽ പ്രതിപക്ഷ പാർട്ടികളുമുണ്ട്. ഏതു പുതിയ കാര്യത്തോടും ആദ്യം എതിർപ്പും പ്രതിഷേധവും സമരമുറകളും സംസ്ഥാനത്തിന്റെ പാരമ്പര്യത്തിലുൾപ്പെട്ടതാണെന്നു സമാധാനിക്കാം. വികസന പദ്ധതികളുടെ അടിസ്ഥാന ശില ഭൂമിയായതിനാൽ ഭൂമി ഏറ്റെടുക്കാതെ ഒരു പദ്ധതിയും മുന്നോട്ടുകൊണ്ടുപോകാനാവില്ല. ഈ യാഥാർത്ഥ്യം അറിയാത്തവരല്ല പ്രതിഷേധവുമായി കടന്നുവരുന്നവർ. മുൻകാലങ്ങളിൽ നിരർത്ഥകമായ ഇതുപോലുള്ള പ്രതിഷേധ മുറകളുമായി വന്ന് വികസനം മുടക്കിയവരെ പിന്നീട് ജനങ്ങൾ നിരാകരിച്ച ചരിത്രം മറക്കരുത്.

നവീന യാത്രാമാർഗങ്ങളുടെ കാര്യത്തിൽ കേരളത്തിന് ലോകത്തിനു മുമ്പിലെന്നല്ല മറ്റു സംസ്ഥാനങ്ങളുടെ മുമ്പിൽ പോലും അവതരിപ്പിക്കാൻ യാതൊന്നുമില്ലെന്ന സത്യം മറക്കരുത്. അവിടെയാകും അതിവേഗ ട്രെയിനിന്റെ പ്രസക്തി. സംസ്ഥാനത്തിന്റെ വികസന പാതയിൽ വിപ്ളവകരമായ മാറ്റങ്ങളാകും ഈ റെയിൽ പാത കൊണ്ടുവരാൻ പോകുന്നത്. സങ്കുചിതവും പ്രാദേശികവും രാഷ്ട്രീയവുമായ ഉടക്കുകളിട്ട് അതു തല്ലിക്കെടുത്താൻ ശ്രമിക്കരുത്.

കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയാണ് ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉത്‌പാദന യൂണിറ്റ് ആരംഭിക്കാനുള്ള തീരുമാനത്തിലേക്കു സർക്കാരിനെ നയിച്ചത്. കൊവിഡ് വാക്സിനായി ജനങ്ങളിൽ മൂന്നിൽ രണ്ടുഭാഗവും ഇപ്പോഴും കാത്തിരിക്കുന്ന പശ്ചാത്തലത്തിൽ വാക്സിൻ ഉത്‌പാദന യൂണിറ്റ് എന്ന ആശയം കാലോചിതം മാത്രമല്ല, അടിയന്തര ആവശ്യം കൂടിയാണ്.

Advertisement
Advertisement