മന്ത്രിമാരുമായി അഞ്ച് മണിക്കൂറോളം തുടർച്ചയായി ചർച്ചകൾ നടത്തി പ്രധാനമന്ത്രി ഒപ്പം ജെ പി നദ്ദയും; തലസ്ഥാനത്ത് മന്ത്രിസഭാ പുനസംഘടന ആലോചനകൾ സജീവം

Friday 11 June 2021 12:07 PM IST

ന്യൂഡൽഹി: പ്രധാനപ്പെട്ട ചില വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായി മണിക്കൂറുകൾ നീണ്ട കൂടിയാലോചനകൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒപ്പം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാ‌ർഗിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച യോഗം സമാപിച്ചത് രാത്രി 10 മണിക്കാണ്.

രാജ്യം നേരിടുന്ന കൊവിഡ് ഉൾപ്പടെ സാഹചര്യങ്ങൾ അവലോകനം ചെയ്‌തതിനൊപ്പം പ്രധാനമായും മന്ത്രിസഭാ പുനസംഘടനയും ചർച്ചാ വിഷയമായി എന്നാണ് വിവരം. ഇതിന്റെ ഭാഗമായി പെട്രോളിയം,​ സ്‌റ്റീൽ,​ ജലശക്തി മന്ത്രാലയം,​ നൈപുണ്യശേഷി വികസനം,​ വ്യോമയാനം,​ വൻകിട വ്യവസായം,​ പ്രകൃതി,​ വനം മന്ത്രാലയങ്ങളുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചത്. ഈ വകുപ്പ് മന്ത്രിമാരുടെ കൊവിഡ് കാലത്തെ പ്രവർത്തനവും ചർച്ച ചെയ്‌തു.

18 വയസിന് മുകളിലുള‌ളവ‌ർക്ക് വാക്‌സിൻ സൗജന്യമെന്ന് പ്രഖ്യാപിച്ചയുടൻ ചേ‌ർന്ന യോഗത്തിൽ മന്ത്രിമാരുടെ മൂല്യനിർണയം നടത്തിയ ശേഷമാകും മന്ത്രിസഭാ പുനസംഘടനയിലേക്ക് കടക്കുക എന്നാണ് സൂചന. മികച്ച പ്രകടനമുള‌ള മന്ത്രാലയങ്ങൾ ഇനി നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ചും പ്രധാനമന്ത്രിയുമായി ചർച്ച നടത്തും.

സാധാരണ ക്യാബിനറ്റ് യോഗശേഷം പ്രധാനമന്ത്രിയുമായി വിവിധ വകുപ്പുകളിലെ മന്ത്രിമാർ വന്ന് ചർച്ച നടത്തുകയാണ് പതിവ്. എന്നാൽ ഇത്തവണ ഓരോ മന്ത്രിമാരുമായി പ്രധാനമന്ത്രി പ്രത്യേകം ചർച്ച നടത്തി. ഇത് രാജ്യത്ത് കൊവിഡ് പ്രതിസന്ധി മൂലം സ‌ർക്കാരിനുണ്ടായ പരാജയത്തെ മറികടക്കാനുള‌ള ഗൗരവകരമായ ആലോചനയായും കൊവിഡ് പ്രതിസന്ധി രൂക്ഷമായ വിവിധ മേഖലകളുടെ പുനരുജ്ജീവനത്തിനാവശ്യമായ നടപടികളെക്കുറിച്ചുമുള‌ള ച‌ർച്ചയായുമാണ് വിലയിരുത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളത്തിൽ പാർട്ടിക്കേറ്റ കനത്ത പരാജയവും ക്ഷീണവും മറികടക്കാനുള‌ള വഴികൾ ആലോചിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടാകുമെന്നാണ് സൂചന. ഇത് കുഴൽപണക്കേസ് ഉൾപ്പടെ പ്രതിസന്ധിയിലായ കേരള നേതൃത്വത്തിന് ആശ്വാസമാകും.

ഉത്തർപ്രദേശിൽ അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള‌ള ആദ്യഘട്ട കൂടിയാലോചനകളും ബിജെപി ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട്. ഇതിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി മോദിയുമായും ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായും പ്രത്യേകം കൂടിക്കാഴ്‌ച ഇന്ന് നടത്തും.