ഫോക്സ് വാഗൺ എസ് യു വി തൈഗൂണിന്റെ അനൗദ്യോഗിക ബുക്കിഗ് ഇന്ത്യയിൽ ആരംഭിച്ചു, ബുക്കിംഗ് ഫീ 25000 രൂപ
ന്യൂഡൽഹി: കോംപാക്ട് എസ് യു വി രംഗത്ത് വൻ മാറ്റങ്ങൾക്കു വഴി തെളിച്ചേക്കുമെന്ന് കരുതുന്ന ഫോക്സ് വാഗണിന്റെ കോംപാക്ട് എസ് യു വി മോഡലായ തൈഗൂണിന്റെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. ഫോക്സ് വാഗൺ ഔദ്യോഗികമായി ബുക്കിംഗ് ആരംഭിച്ചിട്ടില്ലെങ്കിലും, രാജ്യത്തെ മിക്ക ഡീലർമാരും അനൗദ്യോഗികമായി ബുക്കിംഗുകൾ സ്വീകരിച്ചു തുടങ്ങി. 25000 രൂപയാണ് ബുക്കിംഗ് ചാർജായി ഭൂരിപക്ഷം ഡീലർമാരും ഈടാക്കുന്നത്. ഈ വർഷം ഓഗസ്റ്റിലോ സെപ്തംബറിലോ തന്നെ തൈഗൂൺ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15 ലക്ഷത്തിനടുത്തായിരിക്കും വണ്ടിയുടെ ഓൺറോഡ് വില വരിക എന്ന് പ്രതീക്ഷിക്കുന്നു.
ഇപ്പോൾ പ്രചാരത്തിലായികൊണ്ടിരിക്കുന്ന എം ക്യു ബി - എ0 പ്ലാറ്റ് ഫോമിൽ നിർമ്മിച്ച വാഹനം എന്നതാണ് തൈഗൂണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതേ പ്ലാറ്റ് ഫോമിൽ തന്നെ നിർമ്മിച്ച സ്കോഡയുടെ കുഷാക്ക് ആയിരിക്കും തൈഗൂണിന്റെ കടുത്ത എതിരാളി. എന്നാൽ സ്കോഡ വാഹനം തൈഗൂൺ എത്തുന്നതിനു മുമ്പ് തന്നെ വിപണിയിൽ എത്തുമെന്നത് ഫോക്സ് വാഗണിനെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ ബുക്കിംഗ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ വാഹനപ്രേമികളിൽ കാണുന്ന ആവേശം ഫോക്സ് വാഗണിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.