ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി, മുകുൾ റോയ് തിരികെ തൃണമൂലിൽ

Saturday 12 June 2021 12:00 AM IST

ന്യൂഡൽഹി: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ബി.ജെ.പിക്ക് തിരിച്ചടി നൽകി പ്രമുഖ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുകുൾ റോയ് തിരികെ തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങി. ഇതോടെ കുറച്ചു ദിവസമായി തുടരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. മുകുൾ റോയിക്കൊപ്പം മകൻ സുബ്രാംശുവും ബി.ജെ.പി വിട്ടു.

ബി.ജെ.പിയിൽ ആർക്കും തുടരാനാകില്ലെന്ന് മനസിലായതിനാലാണ് തിരികെ വന്നതെന്നും പഴയ സഹപ്രവർത്തകരെ കണ്ടതിൽ സന്തോഷമുണ്ടെന്നും മുകുൾ റോയ് പറഞ്ഞു. മമതാ ബാനർജി ബംഗാളിന്റെയും ഇന്ത്യയുടെയും നേതാവാണെന്ന് പുകഴ്ത്താനും റോയ് മറന്നില്ല. 'പഴയത് പൊന്നാണ്' എന്നാണ് റോയിയുടെ മടങ്ങി വരവിനെ മമത വിശേഷിപ്പിച്ചത്. പാർട്ടി വിട്ട കൂടുതൽ പേർ തിരികെയെത്തുമെന്നും അവർ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് മമതയ്ക്കെതിരെ നടത്തിയ കടുത്ത വിമർശനങ്ങൾ മാദ്ധ്യമപ്രവർത്തകർ ഓർമ്മിപ്പിച്ചപ്പോൾ തനിക്ക് ദീദിയുമായി അഭിപ്രായ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ലെന്ന് മുകുൾ റോയ് പ്രതികരിച്ചു. റോയിയെ രക്ഷിക്കാൻ ഇടപെട്ട മമത, ഭിന്നതയുണ്ടാക്കാൻ ശ്രമിക്കരുതെന്ന് അഭ്യർത്ഥിച്ചു. ബി.ജെ.പിയിലുള്ള സുവേന്ദു അധികാരിയുടെ കാര്യം സൂചിപ്പിച്ചപ്പോൾ വിവേകമുള്ളവർ തിരിച്ചുവരുമെന്നും ഭിന്നതയുണ്ടാക്കാത്തവർക്ക് സ്വാഗതമെന്നും മമത പ്രതികരിച്ചു.

തൃണമൂലിൽ സുവേന്ദു അധികാരിയുമായുള്ള പ്രശ്നങ്ങളാണ് മമതയുടെ വിശ്വസ്തനായിരുന്ന മുകുൾ റോയിയെ 2017ൽ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ബംഗാളിൽ നേട്ടമുണ്ടാക്കാൻ റോയ് നിർണായ പങ്കുവഹിച്ചിരുന്നു. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിക്ക് കൂടുതൽ പരിഗണന ലഭിച്ചത് റോയിയെ അസ്വസ്ഥനാക്കി. നിയമസഭാ സീറ്റ് നിർണയ ചർച്ചകളിൽ റോയിയും സംസ്ഥാന ബി.ജെ.പി നേതാക്കളുമായി ഭിന്നതയുണ്ടായിരുന്നു. നന്ദിഗ്രാമിൽ മമതയെ തോല്പിച്ചതോടെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് സുവേന്ദുവുമായുള്ള അടുപ്പം വർദ്ധിച്ചു. നാരദാ ഒളികാമറാ കേസിൽ പ്രതിയായ മുകുൾ റോയിക്ക് ബി.ജെ.പി നേതൃത്വം സംരക്ഷണം ഉറപ്പു നൽകിയില്ലെന്നും സൂചനയുണ്ട്.

പാർട്ടി വിട്ടെങ്കിലും മമത അദ്ദേഹത്തോട് മൃദു സമീപനം പുലർത്തിയിരുന്നു. ഇതാണ് തിരിച്ചുവരവിന് കളമൊരുക്കിയത്. ആഴ്ചകൾക്ക് മുമ്പ് റോയിയുടെ ഭാര്യ കൃഷ്ണാ റോയ് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മമതയുടെ മരുമകനും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി നടത്തിയ സന്ദർശനം നിർണായകമായി.

പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന നേതാക്കളെ ഘട്ടം ഘട്ടമായി തിരികെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് മമത. ചില ബി.ജെ.പി എം.എൽ.എമാർ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് തൃണമൂൽ നേതാക്കൾ അവകാശപ്പെടുന്നു.

Advertisement
Advertisement