യോഗിയെ മാറ്റാതെ യു.പിയിൽ 'യോഗം' പരീക്ഷിക്കാൻ ബി.ജെ.പി

Saturday 12 June 2021 12:06 AM IST

ന്യൂഡൽഹി: വൻഭൂരിപക്ഷത്തിൽ ജയിച്ച ഉത്തർപ്രദേശിൽ കാഷായധാരിയായ മുഖ്യമന്ത്രിയെ അവതരിപ്പിച്ച ബി.ജെ.പി പരീക്ഷണം പാളിയോ? കൊവിഡ് രണ്ടാം വ്യാപനം കൈകാര്യം ചെയ്തതിലെ വീഴ്ച അടക്കം സൃഷ്ടിച്ച ഭരണവിരുദ്ധ വികാരം അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന തിരിച്ചറിവിൽ പരിഹാര ക്രിയകൾ നടത്തുകയാണ് കേന്ദ്ര നേതൃത്വം. അതിന്റെ ഭാഗമായാണ് ലഖ്നൗവിൽ ദൂതൻമാർ വഴി നടത്തിയ മാരത്തോൺ ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ഡൽഹിക്ക് വിളിപ്പിച്ചത് .

കൊവിഡ് രണ്ടാം തരംഗത്തിൽ ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകിയതും ചികിത്സ ലഭിക്കാതെ ആളുകൾ മരണമടഞ്ഞതും സർക്കാരിന്റെ പിടിപ്പുകേടായി. കൂടാതെ ദുരൂഹമായ വ്യാജ ഏറ്റമുട്ടലുകൾ അടക്കം പൊലീസിനെ ഉപയോഗിച്ചുള്ള തേർവാഴ്ച, സ്വത്ത് പിടിച്ചെടുക്കൽ, പ്രതിഷേധിക്കുന്നവർക്ക് പിഴ തുടങ്ങിയ നടപടികൾ യോഗി സർക്കാരിനെ സാധാരണക്കാരിൽ നിന്ന് അകറ്റിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അയോദ്ധ്യ, വാരണാസി, പ്രയാഗ്‌രാജ്, മഥുര, ഗോരഖ്പൂർ തുടങ്ങിയ പുണ്യ നഗരങ്ങളിൽ അടക്കം ബി.ജെ.പിക്ക് തിരിച്ചടിയേറ്റത്. യോഗി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ജയസാദ്ധ്യതയെ പോലും ബാധിക്കാമെന്ന ആശങ്കയിലാണ് കേന്ദ്ര നേതൃത്വം.

മുഖ്യമന്ത്രിയെ മാറ്റിയുള്ള അഴിച്ചുപണികൾ തിരിച്ചടിച്ച ചരിത്രമുള്ളതിനാൽ യോഗി ആദിത്യനാഥിനെ മാറ്റാൻ തത്ക്കാലം ബി.ജെ.പി നേതൃത്വം ആഗ്രഹിക്കുന്നില്ല. യു.പിയിൽ കല്യാൺസിംഗിനെ മാറ്റി ആദ്യം രാം പ്രകാശ് ഗുപ്തയെയും പിന്നീട് രാജ്നാഥ് സിംഗിനെയും ഡൽഹിയിൽ സാഹിബ് സിംഗ് വർമ്മയ്ക്ക് പകരം സുഷമ സ്വരാജിനെയും പ്രതിഷ്ഠിച്ച പരീക്ഷണങ്ങൾ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടാക്കിയത്. തിരഞ്ഞെടുപ്പിന് പത്തിൽ താഴെ മാസം ശേഷിക്കെ യോഗിയെ മാറ്റിയാൽ വിഭാഗീതയയും അതൃപ്തിയും യു.പി ഘടകത്തെ ദുർബ്ബലമാക്കുമെന്ന ഭയമുണ്ട്.

വടക്കെ ഇന്ത്യയിലെ സ്വാധീനമുള്ള നേതാവായി വളർന്ന് യോഗി പ്രധാനമന്ത്രി പദത്തിന് വരെ യോഗ്യനായ പ്രതിയോഗിയാകുമെന്ന് നരേന്ദ്രമോദിയും അമിത് ഷായും കരുതുന്നുണ്ട്. അതിനാൽ അദ്ദേഹത്തെ ഒതുക്കാനുള്ള അവസരങ്ങൾ നഷ്‌ടപ്പെടുത്തില്ലെങ്കിലും യു.പിയിൽ അതത്ര എളുപ്പമല്ല. ആർ.എസ്.എസിന്റെ പിന്തുണയുമുണ്ട് യോഗിക്ക്. അതിനാൽ യോഗിയെ നിലനിറുത്തി യു.പിയിൽ പാർട്ടി ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എ.കെ. ശർമ്മയെ ലെജിസ്ളേറ്റീവ് കൗൺസിൽ അംഗമായി സംസ്ഥാന രാഷ്‌ട്രീയത്തിൽ പ്രതിഷ്ഠിച്ചത് അതിന്റെ ഭാഗമാണ്. ശർമ്മയ്ക്ക് അഭ്യന്തരം അടക്കം പ്രമുഖ വകുപ്പുകൾ നൽകി മന്ത്രിയോ, ഉപമുഖ്യമന്ത്രിയോ ആക്കുമെന്ന് സൂചനയുണ്ട്. യോഗി പൊലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്ന പഴി ഒഴിവാക്കാനാണിത്. ഡൽഹി ചർച്ചയിൽ യു.പിയിൽ വരുത്തേണ്ട മാറ്റങ്ങൾ യോഗിയെ ധരിപ്പിച്ചിട്ടുണ്ട്.

Advertisement
Advertisement