മരം മാഫിയയ്ക്ക് സ‌‌ർക്കാർ ഒത്താശ: കേന്ദ്ര മന്ത്രി വി. മുരളീധരൻ

Saturday 12 June 2021 12:01 AM IST

കൽപ്പറ്റ: കേരളത്തിലങ്ങോളം മാഫിയാസംഘം കോടികളുടെ മരം മുറിച്ച് കടത്തിയത് സംസ്ഥാന സ‌ക്കാരിന്റെ ഒത്താശയോടെയാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ആരോപിച്ചു. പാവപ്പെട്ട വനവാസികളെ പറഞ്ഞു പറ്റിച്ചാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. മുഖ്യമന്ത്രി നേരിട്ട് ഈ വിഷയത്തിൽ പ്രതികരിക്കണം. കാര്യക്ഷമമായ അന്വേഷണം നടന്നില്ലെങ്കിൽ എൻ.ഡി.എ സമരത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മരം മുറി നടന്ന മുട്ടിൽ പ്രദേശവും പരിസരത്തെ ആദിവാസി കോളനികളും സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരം മുറിച്ചവർക്ക് മാത്രമല്ല അതിന് അനുമതി നൽകിയ ഭരണകൂടത്തിനും കുറ്റകൃത്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. വയനാട് എം.പി കൂടിയായ രാഹുൽ ഗാന്ധി ഈ സംഭവത്തിൽ മൗനം പാലിക്കുകയാണ്. അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കും ഇതിൽ ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മരംമുറിക്ക് പിന്നിൽ ഒന്നോരണ്ടോ പ്രതികളല്ല, അതിലേറേ പേരുണ്ടെന്ന് കോളനിവാസികൾ പറഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സന്ദർശനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രിക്ക് ഉടൻ കൈമാറും. ഇന്നലെ രാവിലെ 11 മണിയോടെ കൽപ്പറ്റയിലെത്തിയ അദ്ദേഹം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ പാർട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മുട്ടിൽ ഭാഗത്തേക്ക് തിരിച്ചത്.

Advertisement
Advertisement