മുട്ടിൽ മരംമുറിക്കേസ്: മുൻകൂർ ജാമ്യത്തിന് മൂന്ന് പ്രതികളും ഹൈക്കോടതിയിൽ

Saturday 12 June 2021 12:05 AM IST

കൊച്ചി: വയനാട്ടിൽ മുട്ടിൽ സൗത്ത് വില്ലേജിലെ വനഭൂമിയിൽനിന്ന് ഇൗട്ടിത്തടി മുറിച്ചുകടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യംതേടി പ്രതികളായ വയനാട് വാഴവറ്റ മൂങ്ങനാനിയിൽ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി. തിങ്കളാഴ്ച പരിഗണിച്ചേക്കും.

വനംവകുപ്പ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കാൻ ഇവർ നേരത്തെ നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്നാണ് മരങ്ങൾ വെട്ടിയതെന്നും ഇത് വനഭൂമിയോ പുറമ്പോക്കോ അല്ലെന്ന് വില്ലേജ് ഒാഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. ഇൗ ഭൂമിയിൽനിന്ന് ഇൗട്ടിമരം വെട്ടാൻ വനംവകുപ്പിന്റെ അനുമതി തേടിയിരുന്നു. പട്ടയഭൂമിയിലെ മരം വെട്ടിനീക്കാൻ അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ 2020 മാർച്ച് 11ലെയും 2020 ഒക്ടോബർ 24 ലെയും ഉത്തരവുകൾ പ്രകാരമാണ് മരംമുറിച്ചതെന്നും ഹർജിയിൽ പറയുന്നു.

Advertisement
Advertisement