ഇൗട്ടിത്തടി കണ്ടുകെട്ടൽ തടയില്ല: ഹൈക്കോടതി

Saturday 12 June 2021 12:09 AM IST

കൊച്ചി: കാസർകോട് നെട്ടണിജെ വില്ലേജിലെ പട്ടയഭൂമിയിൽ നിന്ന് വെട്ടിയെടുത്ത ഇൗട്ടിത്തടി വനംവകുപ്പ് കണ്ടുകെട്ടുന്നത് തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഇൗട്ടിത്തടികൾ തങ്ങൾക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പട്ടയമുടമകളായ ലിസമ്മ വർഗീസ്, ദേവകി, മഹാലിംഗ ഭട്ട് എന്നിവർ നൽകിയ ഹർജികളിലെ ഇടക്കാല ആവശ്യമാണ് ജസ്റ്റിസ് പി. ഗോപിനാഥ് നിഷേധിച്ചത്. പട്ടയഭൂമിയിൽനിന്ന് മരംവെട്ടാൻ അനുമതി നൽകുന്ന 2020 ഒക്ടോബർ 24ലെ ഉത്തരവ് പ്രകാരമാണ് മരംമുറിച്ചതെന്ന് ഹർജിക്കാർ വാദിച്ചെങ്കിലും വ്യാപകമായി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയതോടെ ഇൗ ഉത്തരവ് കഴിഞ്ഞ ഫെബ്രുവരിയിൽ പിൻവലിച്ചെന്ന് സർക്കാർ അറിയിച്ചു. തുടർന്ന് ഹർജി രണ്ടാഴ്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കാൻ മാറ്റി.