ഒഴിയാതെ ബ്ളാക്ക്ഫംഗസ് ഭീഷണി: 150 ശതമാനം വർദ്ധനവ്

Saturday 12 June 2021 12:00 AM IST

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമാകുമ്പോഴും രാജ്യത്ത് ബ്ളാക്ക് ഫംഗസ് (മ്യൂക്കോർമൈകോസിസ്) ബാധ കൂടുന്നത് ആശങ്കയാകുന്നു. മൂന്നാഴ്ച രോഗബാധയിൽ 150 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇക്കാലയളവിൽ 31,216 പേർക്ക് രോഗം ബാധിച്ചപ്പോൾ 2109 പേർ മരിച്ചു. ബ്ളാക്ക്ഫംഗസ് ചികിത്സയ്ക്കുള്ള ആംഫോടെറിസിൻ -ബി മരുന്ന് ക്ഷാമവും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വച്ച് ഏറ്റവും കൂടുതൽ കേസുകളും മരണവും മഹാരാഷ്‌ട്രയിലാണ്. 7,057 കേസുകളും 609 മരണവും. ഗുജറാത്തിൽ 5,418 കേസുകളും 323 മരണവും റിപ്പോർട്ട് ചെയ്തു. കേസുകളുടെ കാര്യത്തിൽ രാജസ്ഥാനും (2,976) മരണ നിരക്കിൽ കർണാടകവുമാണ് മൂന്നാമത് (88).

പ്രതിദിന കൊവിഡ് രോഗികൾ 91,702

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 91,702 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിലും താഴെ തുടരുന്നു. അതേസമയം മരണ നിരക്ക് ഉയർന്നു നിൽക്കുന്നു. പുതിയതായി 3403പേർ മരിച്ചു. തമിഴ്നാട്ടിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് (16,813). രണ്ടാം സ്ഥാനത്ത് കേരളം. മഹാരാഷ്‌ട്രയിലും (12,207) കർണാടകയിലും (11,042) കേസുകൾ കുറയുന്നുണ്ട്.

Advertisement
Advertisement