ബാങ്ക് വായ്പകൾ മരവിപ്പിക്കൽ: ഹർജി തള്ളി

Saturday 12 June 2021 12:36 AM IST

 രാജ്യത്തെ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം (മരവിപ്പിക്കൽ ) പ്രഖ്യാപിക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. മൊട്ടോറിയം ഏർപ്പെടുത്തുന്നതും വായ്പാ കാലാവധി നീട്ടുന്നതും സർക്കാരിന്റെ നയപരമായ സാമ്പത്തിക കാര്യങ്ങളാണെന്നും, ഇക്കാര്യങ്ങളിൽ ഇടപെടാനുള്ള വൈദഗ്ദ്ധ്യം ജഡ്ജിമാർക്കില്ലെന്നും ചൂണ്ടിക്കാട്ടിയ .കോടതി, ഈ ആവശ്യവുമായി സർക്കാരിനെ സമീപിക്കാൻ നിർദേശിച്ചു.

ജസ്റ്റിസുമാരായ അശോക് ഭൂഷണും, എം.ആർ.ഷായും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിൽ ഒരു കോടിയിലേറെ ജനങ്ങൾ തൊഴിൽ രഹിതരായെന്ന് ഹർജിക്കാരനായ അഭിഭാഷകൻ വിശാൽ തിവാരി വാദിച്ചു. എന്നാൽ, ജനങ്ങളെ സഹായിക്കാൻ മേയ് 5ന് സാമ്പത്തിക പാക്കേജുകൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം . മദ്ധ്യവർഗത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ളതൊന്നും പാക്കേജിലില്ലെന്ന് ഹർജിക്കാരൻ മറുപടി നൽകി.

''ഇതെല്ലാം നയപരമായ വിഷയങ്ങളാണ്. സാമ്പത്തിക വിഷയങ്ങളിൽ ഇടപെടാൻ ഞങ്ങൾക്കാവില്ല .സർക്കാർ വാക്‌സിൻ , കുടിയേറ്റത്തൊഴിലാളികളുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളുടെ തിരക്കിലാണ്.സർക്കാർ ഈ പ്രശ്‌നത്തിൽ വേണ്ട വിധം ഇടപെടും. നിങ്ങൾ കേന്ദ്രത്തെ സമീപിക്കൂ, '' കോടതി നിർദ്ദേശിച്ചു..

Advertisement
Advertisement