കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് രോഗി ഓക്സിജന്‍ കിട്ടാതെ മരിച്ചെന്ന് പരാതി

Saturday 12 June 2021 1:44 AM IST

തൃശൂർ: കാലിയായ ഓക്‌സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ കൊവിഡ് രോഗി ഓക്‌സിജൻ കിട്ടാതെ മരിച്ചെന്ന് പരാതി. മേയ് 31 മുതൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള അടാട്ട് ഉടലക്കാവ് അമ്മനത്ത് സത്യന്റെ ഭാര്യ ശോഭയാണ് (45) മരിച്ചത്. സംഭവത്തിൽ ശോഭയുടെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.

അതേസമയം രോഗിക്ക് ഓക്‌സിജന്റെ അളവ് വളരെ കുറവായിരുന്നെന്നും നില വളരെ മോശമായതോടെയാണ് ജൂൺ 9 ന് ഐ.സി.യുവിലേക്ക് മാറ്റിയതെന്നും തൃശൂർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി പറയുന്നു. അത്യാസന്ന നിലയിൽ രോഗിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാനിരിക്കെയായിരുന്നു മരണമെന്നും അവർ വിശദീകരിച്ചു. എന്നാൽ പത്ത് ദിവസമായി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിക്ക് വ്യാഴാഴ്ച വൈകീട്ട് ഓക്സിജൻ ഇല്ലാത്ത സിലിണ്ടർ ഘടിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. ഉടലക്കാവ് സെന്ററിൽ ആശാരിപ്പണി ചെയ്തുവരികയാണ് സത്യൻ. ലാൽകൃഷ്ണ, സ്വാതികൃഷ്ണ എന്നിവർ മക്കളാണ്. മൃതദേഹം കൊവിഡ് പ്രോട്ടോകോളോടെ കുരിയച്ചിറയിലെ ശ്മശാനത്തിൽ സംസ്‌കരിച്ചു. കോർപറേഷൻ നിയന്ത്രണത്തിലുള്ള തൃശൂർ ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ ബെഡുൾപ്പെടെയുള്ള സംവിധാനങ്ങൾ അടുത്തിടെ ഒരുക്കിയിരുന്നു. ഹൃദയ സംബന്ധമായും മറ്റും നിരവധി അസുഖങ്ങളുള്ളയാളായിരുന്നു രോഗിയെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.


ജനറൽ ആശുപത്രിയിൽ മരിച്ച ശോഭ എന്ന രോഗിക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ മുതൽ ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറവായിരുന്നു. അക്കാര്യം യഥാസമയം ബന്ധുക്കളെ അറിയിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമാണ് ആശുപത്രിയിലും സി.എഫ്.എൽ.ടി.സികളിലും പ്രവേശിപ്പിക്കാറുള്ളൂ.

ഡോ. കെ.ജെ റീന
ജില്ലാ മെഡിക്കൽ ഓഫീസർ, തൃശൂർ

Advertisement
Advertisement