മാർട്ടിനെതിരായ പരാതിക്കാരെ കണ്ടെത്താൻ പൊലീസ് നോട്ടീസിറക്കി; സാമ്പത്തിക സ്രോതസടക്കം അന്വേഷിക്കും

Saturday 12 June 2021 7:26 AM IST

കൊച്ചി: ഫ്ലാറ്റ് പീഡന കേസിൽ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍ക്ക് സാദ്ധ്യതയെന്ന് പൊലീസ്. പരാതിയുള്ളവരെ കണ്ടെത്താന്‍ കൊച്ചി സിറ്റി പൊലീസ് നോട്ടീസിറക്കി. മാര്‍ട്ടിനെതിരെ സാമ്പത്തികവും, അല്ലാത്തതുമായ പരാതികളുള്ളവര്‍ കൊച്ചി സിറ്റി പൊലീസിനെ ബന്ധപ്പെടണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്.

കണ്ണൂരുകാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനും മര്‍ദിച്ചതിനും അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫിനെതിരെ നടപടികള്‍ കടുപ്പിക്കാനാണ് പൊലീസ് നീക്കം. മാര്‍ട്ടിനെതിരെ കാക്കനാട് സ്വദേശിനി നല്‍കിയ പരാതിയും പൊലീസിന് മുന്നിലുണ്ട്. സമാനമായരീതിയില്‍ കൂടുതല്‍പേരെത്താനുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

ആഢംബര ജീവിതം നയിച്ചിരുന്ന മാര്‍ട്ടിന്‍റെ സാമ്പത്തിക സ്രോതസും പൊലീസ് അന്വേഷിക്കുന്നുണ്ട്. മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റ്, ആഢംബര കാറുകള്‍ എന്നിവയെല്ലാം പരിശോധിക്കും. ഈ മാസം ഇരുപത്തിമൂന്നുവരെ റിമാന്‍ഡിലുള്ള മാര്‍ട്ടിനുവേണ്ടി അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നല്‍കും.

മാർട്ടിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങളില്‍ വ്യക്തതവരുമെന്ന് അന്വേഷണസംഘം കണക്കുകൂട്ടുന്നു. പീഡന കേസില്‍ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം വൈകിയതിന്‍റെ കാരണംതേടിയുള്ള വകുപ്പുതല അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്.