മാർട്ടിൻ ശാരീരകമായി ഉപദ്രവിച്ചത് നിരവധി യുവതികളെ; കൂടുതൽപേർ പരാതികളുമായി പൊലീസിനെ സമീപിക്കുന്നു

Saturday 12 June 2021 10:09 AM IST

കൊച്ചി: ഫ്ലാറ്റ് പീഡന കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍ പൊലീസിന് ലഭിക്കുന്നു. രണ്ട് യുവതികള്‍ കൂടി കൊച്ചി സിറ്റി പൊലീസിന് പരാതി നല്‍കി. മാര്‍ട്ടിന്‍ ശാരീരികമായി ഉപദ്രവിച്ചെന്നാണ് യുവതികൾ പരാതിയിൽ പറയുന്നത്.

മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍ സമീപിക്കണമെന്ന പരസ്യം പൊലീസ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പരാതികളുമായി യുവതികൾ പൊലീസിനെ സമീപിച്ചത്. ഇനിയും കൂടുതൽപേർ എത്തുമെന്നാണ് പൊലീസ് നിഗമനം.

മാർട്ടിന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയാവുന്നവര്‍ വിവരം കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ട്ടിനൊപ്പമുള്ള സംഘം സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനൊപ്പം കള്ളപ്പണ ഇടപാടും നടത്തിയിരുന്നു. സംഘത്തിലെ കൂടുതല്‍ ആളുകളെ പിടികൂടാനാണ് പൊലീസ് നീക്കം. മാര്‍ട്ടിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ പൊലീസിന് തന്നെ ഞെട്ടലുണ്ട്.

കണ്ണൂര്‍ സ്വദേശിനി കോസ്റ്റ്യൂം ഡിസൈനറാണ് മാര്‍ട്ടിനെതിരെ ആദ്യ പരാതി നല്‍കിയത്. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ചാണ് യുവതിക്ക് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്‍റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.