രാജ്യത്ത് 84,332 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു; മരണമടഞ്ഞവർ 4002, പ്രതിദിന രോഗബാധയിൽ മുന്നിൽ തമിഴ്‌നാടും കേരളവും

Saturday 12 June 2021 10:32 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 70 ദിവസത്തിനിടെ ഏ‌റ്റവും കുറവ് കൊവിഡ് പ്രതിദിന രോഗികളുള‌ള ദിനമാണിന്ന്. 84,332 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ രണ്ടിന് ശേഷം ഏ‌റ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,311 പേർ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്കിലും വർദ്ധനവുണ്ട്. 95.07 ശതമാനമാണ് രോഗമുക്തി നിരക്ക്. രോഗം ബാധിച്ച് മരണമടഞ്ഞവർ 4002 ആണ്. മരണനിരക്ക് ഉയർന്നുതന്നെ നിൽക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.

ഏറ്റവുമധികം പ്രതിദിന കൊവിഡ് രോഗികളുള‌ളത് തമിഴ്‌നാട്ടിലാണ്. 15,759 പേർക്കാണ് ഇവിടെ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിറകിലാണ് കേരളം. 14,233 പുതിയ രോഗികൾ. മൂന്നാമത് മഹാരാഷ്‌ട്രയാണ് 11,766, പിന്നിൽ കർണാടകയാണ് 8249. അഞ്ചാമത് ആന്ധ്രാ പ്രദേശ് ആണ് 8239 കേസുകൾ. ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് രാജ്യത്തെ 69 ശതമാനം കൊവിഡ് കേസുകളുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. തമിഴ്‌നാട്ടിൽ മാത്രം 18.69 ശതമാനം കേസുകളുണ്ട്.

ഏറ്റവുമധികം മരണമടഞ്ഞവർ മഹാരാഷ്‌ട്രയിലാണ്-2619. പിറകിൽ തമിഴ്‌നാട് ആണ് 378. രാജ്യത്തെആക്‌ടീവ് കേസ് ലോഡ് 40,000ലധികം കുറഞ്ഞ് 10,80,690 ആയി.