മുകുൾ റോയിക്ക് ഗംഭീര സ്വീകരണമൊരുക്കി തൃണമൂൽ; കൂടുതൽ പേർ മടങ്ങിവരുമെന്ന് അറിയിച്ച് മമത

Saturday 12 June 2021 1:15 PM IST

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തിയ ബിജെപി മുൻ ദേശിയ ഉപാദ്ധ്യക്ഷൻ മുകുൾ റോയിക്ക് മമത ഒരുക്കിയത് ഗംഭീര സ്വീകരണം. പാർട്ടിയിൽ തിരിച്ചെത്തിയ തനിക്കും മകൻ ശുബ്രൻഷുവിനും ലഭിച്ച വരവേൽപ്പ് കണ്ട് റോയി വികാരഭരിതനായി.പഴയകാല സഹപ്രവർത്തകരെ കണ്ടതിൽ സന്തോഷമുണ്ടെന്ന് അറിയിച്ച റോയി ബിജെപിയിൽ ആർക്കും തുടരാനാകില്ലെന്നും പറഞ്ഞിരുന്നു.

മുകുൾ റോയി വീട്ടിലേക്ക് മടങ്ങിയെത്തി. മറ്റുള‌ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകൻ ആയിരുന്നില്ല. മമതാ ബാനർജി കഴിഞ്ഞ ദിവസം പ്രതികരിച്ചു. മാത്രമല്ല പാർട്ടിവിട്ട് ബിജെപിയിൽ പോയ കൂടുതൽപേർ തിരികെ വരുമെന്നും മമതാ ബാനർജി അഭിപ്രായപ്പെട്ടു. പഴയതെല്ലാം പരിശുദ്ധവും വിലപിടിപ്പുള‌ളതുമാണെന്ന് മമത അഭിപ്രായപ്പെട്ടു.

കേന്ദ്ര ഏജൻസികളുടെ ഭീഷണിയെ തുട‌ർന്നാണ് പണ്ട് ബിജെപിയിലേക്ക് മുകുൾ റോയി പോയതെന്നും മമത പറഞ്ഞു. നാരദാ കേസിൽ പ്രതിയാക്കപ്പെട്ട ശേഷം ബിജെപിയുമായി അത്ര രസത്തിലായിരുന്നില്ല മുകുൾ റോയി. കേസിൽ പങ്കുള‌ള മുൻ തൃണമൂൽ നേതാവും ഇപ്പോൾ ബിജെപി അംഗവുമായ സുവേന്ദു അധികാരിയെ കേസിൽ പ്രതിചേ‌ർത്തതുമില്ല. ഇലക്ഷൻ പ്രചാരണ സമയത്തും മുകുൾ റോയി തിരികെയെത്തുന്നതിന്റെ ചില സൂചനകൾ മമത നൽകിയിരുന്നു. സുവേന്ദുവിന്റെയത്ര മോശക്കാരനല്ല മുകുൾ എന്ന് മമത പ്രസംഗിച്ചിരുന്നു.

ബിജെപിയുടെ സംസ്‌കാരം ബംഗാളിന് അനുകൂലമല്ലെന്നും താൻ പാർട്ടിയിൽ ശ്വാസം മുട്ടി കഴിയുകയായിരുന്നുവെന്ന് അഭിപ്രായപ്പെട്ട മുകുൾ റോയ് ബംഗാളിലെയും ഇന്ത്യയിലെയും ഒരേയൊരു നേതാവ് മമതാ ബാനർജിയാണെന്നും പറഞ്ഞു.