അരും കൊലകൾക്ക് അഞ്ചലിൽ അറുതിയില്ല!

Saturday 12 June 2021 1:40 PM IST

കൊല്ലം : കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നാടിനെ ഞെട്ടിച്ച ഒരു ഡസനോളം കൊലപാതകങ്ങളാണ് കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന ചെറുഗ്രാമത്തിലും പരിസരത്തും ഉണ്ടായിട്ടുള്ളത്. ചോരക്കുഞ്ഞ് മുതൽ വയോധികർ വരെ കൊലക്കത്തിക്ക് ഇരയായ സംഭവങ്ങൾ നാടിന്റെ മനസാക്ഷിയെതന്നെ മരവിപ്പിക്കുന്നതായിരുന്നു. പല സംഭവങ്ങളിലും പ്രതികളെ പിടികൂടുകയും അവരെ നിയമത്തിന് മുന്നിലെത്തിക്കുകയും ചെയ്തെങ്കിലും കുറ്റകൃത്യങ്ങൾക്ക് യാതൊരുകുറവും ഉണ്ടായില്ല. ഒപ്പം താമസിച്ച യുവതിയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നതാണ് ഒടുവിലത്തെ സംഭവം. പൊലീസിന്റെ കുറ്റാന്വേഷണചരിത്രത്തിൽ തന്നെ അപൂർവ്വമായ,​ പാമ്പിനെകൊണ്ട് സ്വന്തം ജീവിതപങ്കാളിയെ കൊലപ്പെടുത്തിയ സംഭവത്തിനും അഞ്ചലിലെ ജനങ്ങൾ മൂകസാക്ഷികളാകേണ്ടിവന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അഞ്ചൽനിവാസികളെ ഭീതിയിലാക്കിയ കൊലപാതക പരമ്പരകൾ ഇവയാണ്....

2005 ഏപ്രിൽ 20 :

ഭാരതി

അഞ്ചൽ ഏരൂർ തൊണ്ടിയറയിൽ അറുപത്തിയഞ്ചുകാരിയായ ഭാരതിയെ വീടിന് സമീപത്തെ റബർ തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന ഭാരതിയുടെ മൃതദേഹം അർദ്ധനഗ്നയായ നിലയിലായിരുന്നു. പരിശോധനയിൽ കൊലപാതകമാണെന്ന് കണ്ടെത്തിയ ഏരൂർ പൊലീസായിരുന്നു കേസ് അന്വേഷിച്ചതെങ്കിലും തെളിയിക്കാനായില്ല. തുടർന്ന് 2015ൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും 12 വർഷങ്ങൾക്കു ശേഷം പ്രതിയെ പിടികൂടുകയുമായിരുന്നു. ആവണീശ്വരം മഞ്ഞക്കാല കൊല്ലന്റഴികത്ത് ഉണ്ണികൃഷ്ണപിള്ളയാണ് സംഭവത്തിൽ അറസ്റ്റിലായത്.

2006 ഫെബ്രുവരി :

രഞ്ജിനിയും കുട്ടികളും

നാടിനെ ആകെ തളർത്തിയ കൊലപാതകമായിരുന്നു അഞ്ചൽ അലയമൺ രജനി വിലാസത്തിൽ രഞ്ജിനിയുടെയും ഇരട്ടക്കുട്ടികളുടെയും.

സൈനികരായിരുന്ന കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി രാജേഷ് ( 27 ), അലയമൺ സ്വദേശി ദിവിൽകുമാർ ( 24 ) എന്നിവരാണ് 21 ദിവസം മാത്രം പ്രായമുള്ള രണ്ട് ഇരട്ട പെൺകുഞ്ഞുങ്ങളെയും അവരുടെ മാതാവായ യുവതിയെയും കഴുത്തറുത്ത് കൊന്നത്. ഇരട്ടക്കുട്ടികളുടെ പിതൃത്വചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസ് ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും അന്വേഷിക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. പ്രതികൾ വിദേശത്തേക്ക് കടന്നതായും തീവ്രവാദ സംഘടനയിൽ ചേ‌ർന്നതായും അഭ്യൂഹങ്ങൾ തുടരുമ്പോൾ മകളുടെയും കുഞ്ഞുങ്ങളുടെയും ഘാതകരെ പിടികൂടുതിനായി പ്രാ‌ർത്ഥനകളോടെ കഴിയുകയാണ് ര‍ഞ്ജിനിയുടെ വൃദ്ധ മാതാവ് ശാന്തമ്മ.

2010 ഏപ്രിൽ പത്ത്:

രാമഭദ്രൻ

ഏരൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്രൻ. വീട്ടിൽ അത്താഴം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണമായത്. വിവാദങ്ങളെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനും പിന്നീട് സി.ബി.ഐയ്ക്കും കൈമാറി.സി.പി.എം.

നേതാക്കളുൾപ്പെടെ കേസിൽ 21 പ്രതികളാണുള്ളത്. കേസ് തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ പരിഗണനയിലാണ്.

2017 സെപ്തംബർ 27:

ഏഴുവയസുകാരി

മാതൃസഹോദരി ഭർത്താവിന്റെ പീഡനത്തിനിരയായി അഞ്ചലിന് സമീപം ഏരൂരിൽ ഏഴുവയസുകാരി കൊല്ലപ്പെട്ടതാണ് സമൂഹമനസാക്ഷിയെ ഞെട്ടിച്ച മറ്രൊരു സംഭവം. പെൺകുട്ടിയുടെ അമ്മയുടെ സഹോദരീ ഭർത്താവ് രാജേഷായിരുന്നു കേസിലെ പ്രതി. സംഭവത്തെ തുട‌ർന്ന് പെൺകുട്ടിയുടെ അമ്മയെയും വീട്ടുകാരെയും നാട്ടുകാർ നാടുകടത്തി.

#2018 :

ഷാജി പീറ്റർ

സ്വന്തം വീട്ടിൽവച്ച് സഹോദരനുമായുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ട ഷാജിപീറ്ററെ അമ്മയുടെ ഒത്താശയോടെ വീട്ടുവളപ്പിൽ കുഴിച്ചുമൂടുകയായിരുന്നു. രണ്ടര വർഷം മുമ്പ് നടന്ന സംഭവം അമ്മ നടത്തിയ പരാമർശത്തിലൂടെ സംഭവം അറിഞ്ഞ ബന്ധു പൊലീസിനെ അറിയിക്കുകയായിരുന്നു. ഭാരതീപുരം പഴയേരൂർ തോട്ടം മുക്ക് പള്ളിമേലതിൽ ഷാജി പീറ്ററാണ് (44, കരടി ഷാജി) കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഷാജിയുടെ മാതാവ് പൊന്നമ്മ (62), ഇളയ മകൻ സജിൻ പീറ്റർ (40), ഭാര്യ ആര്യ (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഷാജിയുടെ മാതൃസഹോദരി പുത്രനും പത്തനംതിട്ട സ്വദേശിയുമായ റോയി പത്തനംതിട്ട ഡിവൈ.എസ്.പിക്ക് നൽകിയ മൊഴിയിലൂടെയാണ് കൊലപാതകം പുറത്തറിയുന്നത്. പൊന്നമ്മയും സജിൻ പീറ്ററും ഭാര്യയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. അവിവാഹിതനായ ഷാജി വല്ലപ്പോഴുമാണ് വീട്ടിലെത്തുക. ഓണത്തിന് വീട്ടിലെത്തിയ ഷാജി അനുജന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി. തുടർന്നുണ്ടായ വാക്കേറ്റത്തിൽ സജിൻ പീറ്റർ കമ്പിവടിക്ക് ഷാജിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവം പുറത്തറിയാതിരിക്കാനും കേസിൽനിന്ന് രക്ഷപ്പെടാനും മൂവരും ചേർന്ന് മൃതദേഹം വീടിന് സമീപം കുഴിച്ചിടുകയായിരുന്നു.

2020 മെയ് 7:

ഉത്ര

ഇന്ത്യയിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകകേസുകളിലൊന്നാണ് അഞ്ചലിലെ ഉത്ര കൊലക്കേസ്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയശേഷം അതിവിദഗദ്ധമായി രക്ഷപ്പെടാൻ നടത്തിയ നീക്കമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതോടെ പൊളിഞ്ഞത്.

അഞ്ചൽ ഏറം വിഷുവിൽ (വെള്ളാശ്ശേരി) ഉത്രയാണ് (25) കൊല്ലപ്പെട്ടത്. ഉത്രയുടെ ഭ‌ർത്താവ് സൂരജാണ് കേസിലെ ഒന്നാം പ്രതി. സൂരജിന്റെ അമ്മ രേണുക,അച്ഛൻ സുരേന്ദ്രൻ,​ സഹോദരി സൂര്യ എന്നിവരാണ് മറ്റുപ്രതികൾ.

ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ലോക്കൽ പൊലീസ് മതിയായ പ്രാധാന്യം നൽകാതിരുന്ന കേസിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് ശരിയായ വിധത്തിൽ അന്വേഷണം നടത്തുകയും സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. കേസ് ഇപ്പോൾ ജില്ലാ സെഷൻസ് കോടതിയിൽ വിചാരണയിലാണ്.

#2019- സെപ്തംബർ 4:

കുഞ്ഞുമോൾ

മദ്യത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ അഞ്ചൽ കൈപ്പള്ളിമുക്കിൽ കുഞ്ഞുമോളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണ് നാടിന് നടുക്കമായ മറ്റൊരു സംഭവം. കുളത്തൂപ്പുഴ ഏഴംകുളം സ്വദേശി ബാബുവായിരുന്നു ഘാതകൻ. കുഞ്ഞുമോൾക്കൊപ്പം താമസിച്ചുവരികയായിരുന്ന ബാബു വാങ്ങി വച്ചിരുന്ന മദ്യം കുഞ്ഞുമോൾ കുടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് രാത്രിയിലുണ്ടായ അരും കൊലയ്ക്ക് കാരണമായത്. സംഭവത്തിൽ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്ത ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്.

2020 ഫെബ്രു.5:

ജലാലുദ്ദീൻ

അഞ്ചലിൽ കോഴിക്കടയിലെ ജീവനക്കാരനായ അസാം ഡകർഘട്ട് കുട്ടയാണി സ്വദേശിയായ ജലാലുദ്ദീന്റെ(20)വെട്ടേറ്റ് മരിച്ചു. സുഹൃത്തായിരുന്ന അബ്ദുൽ അലിയാണ് (19) പ്രതി. അഞ്ചൽ ചന്തമുക്കിന് സമീപത്തെ ഇറച്ചിക്കോഴിക്കടയിലെ ജീവനക്കാരാണ് ബന്ധുക്കളായ ജലാലുദ്ദീനും അബ്ദുൽ അലിയും. മൊബൈൽ ഫോണുമായി ബന്ധപ്പെട്ട തർക്കത്തിലാണ് അബ്ദുൽ അലി കോഴിയെ വെട്ടുന്ന കത്തികൊണ്ട് ജലാലുദ്ദീനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്.

2021 ജൂൺ- 8:

ആതിര

കഴിഞ്ഞദിവസം അഞ്ചലിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയതാണ് അഞ്ചൽ നിവാസികളെ ഞെട്ടിച്ച ഒടുവിലത്തെ സംഭവം. ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിരയാണ് (28) കൊല്ലപ്പെട്ടത്. ആതിരക്കൊപ്പം താമസിച്ചുവന്ന ഷാനവാസാണ് (32) കുറ്റകൃത്യത്തിന് പിന്നിൽ. സമൂഹമാദ്ധ്യമങ്ങളിൽ ടിക് ടോക്ക് വീഡിയോ ചെയ്യുന്ന പതിവുണ്ടായിരുന്ന ആതിരയ്ക്ക് ഇതുവഴി പലരുമായി സൗഹൃദമുണ്ടെന്ന സംശയവും ഇതേചൊല്ലിയുള്ള തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.