കാല് നിലത്ത് കുത്തുമെന്നോ കമ്പി ഇടിച്ച് തെറിപ്പിക്കുമെന്നോ പേടി ഇനി വേണ്ട; ഡ്രൈവിംഗ് ടെസ്‌റ്റ് ഇല്ലാതെ ലൈസൻസ് ലഭിക്കുന്ന സംവിധാനം രാജ്യത്ത് ഉടൻ വരുന്നു

Saturday 12 June 2021 2:08 PM IST

ന്യൂഡൽഹി: ആർ‌ടി‌ഒ നടത്തുന്ന ഡ്രൈവിംഗ് ടെസ്‌റ്റിന് പോകുന്ന പലരുടെയും ടെൻഷനാണ് എട്ട് എടുക്കുമ്പോൾ കാലെങ്ങാനും നിലത്ത് കുത്തുമോ എച്ച് എടുക്കുന്നതിനിടെ കാർ കമ്പിയെങ്ങാനും ഇടിച്ച് തെറിപ്പിക്കുമോ എന്നുള‌ളതെല്ലാം. എന്നാൽ ഇത്തരം പ്രയാസങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കി ലൈസൻസ് സ്വന്തമാക്കാനും നല്ല ഡ്രൈവിംഗ് പൗരന്മാർക്ക് പരിശീലിക്കാനും മാർഗങ്ങളുമായി എത്തുകയാണ് കേന്ദ്ര സർക്കാർ.

ലൈസൻസ് നേടുന്നതിനും മികച്ച ഡ്രൈവിംഗിനുമായി കേന്ദ്ര സർക്കാർ ഫെബ്രുവരി മാസത്തിൽ ഒരു കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നതനുസരിച്ച് മേഖല ഗതാഗത ഓഫീസ് അഥവാ ആർ‌ടി‌ഒ നടത്തുന്ന ഡ്രൈവിംഗ് ടെസ്‌റ്റിൽ പങ്കെടുക്കാതെ ലൈസൻസ് നേടാം. അക്രഡി‌റ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിംഗ് സെന്ററിൽ നിന്ന് പരിശീലനം പൂ‌ർത്തിയാക്കിയാൽ മതി. കേരളത്തിൽ ഇത്തരത്തിൽ ഒരു സെന്റർ മാത്രമാണ് ഉള‌ളത്.

ജൂലായ് ഒന്നുമുതൽ ഇത് നിലവിൽ വരുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ അറിയിച്ചത്. നിലവിൽ അപകടങ്ങൾ വർദ്ധിച്ചു വരുന്ന ഇന്ത്യൻ റോഡുകളിൽ പൗരന്മാർക്ക് മികച്ച ഡ്രൈവിംഗ് പരിശീലനം നേടാനാണ് ഈ നീക്കം.

പലതരം പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം ക‌ൃത്രിമമായി വാഹനം ഓടിക്കുന്നയാൾക്ക് ലഭിക്കുന്ന സംവിധാനവും ഡ്രൈവിംഗ് ടെസ്‌റ്റിനുള‌ള ട്രാക്കും ഇവിടെ ഉണ്ടാകണം. മികച്ച സംവിധാനമായ ഇവിടെ നിന്നും ഡ്രൈവിംഗ് പരിശീലനം കഴിഞ്ഞവർക്ക് അവിടെ നിന്നുതന്നെ ലൈസൻസ് ലഭിക്കും. പ്രത്യേക മേഖലകളിൽ പരിശീലനം നൽകാനും ഈ സെന്ററുകൾക്ക് അനുമതിയുണ്ട്. ഇത്തരം സെന്ററുകൾ എന്നാൽ പൊതുമേഖലയിലാണോ അതോ പൊതുമേഖലാ- സ്വകാര്യ പങ്കാളിത്തത്തിലാണോ നടത്തുക എന്നത് വ്യക്തമല്ല.

1989ലെ കേന്ദ്ര മോട്ടോ‌ർ വാഹനചട്ടം ഭേദഗതി ചെയ്‌തായിരുന്നു ഫെബ്രുവരി മാസത്തിൽ കരട് വിജ്ഞാപനം ഇറക്കിയത്. ലൈസൻസ് ലഭിക്കാൻ ലേണേഴ്‌സ് ലൈസൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫീസ് ഫോട്ടോ, ആർടി ഓഫീസിൽ അംഗീകാരം നേടിയ സ്ഥാപനത്തിൽ നിന്നാണ് പരിശീലനം നേടിയതെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാലാണ് ലൈസൻസ് ലഭിക്കുക. ഇതിൽ ആർടി ഓഫീസിൽ അംഗീകാരം നേടിയ സ്ഥാപനത്തിൽ നിന്നാണ് പരിശീലനം നേടിയ സർട്ടിഫിക്കറ്റ് കാണിക്കണം എന്നത് ഒഴിവാക്കിയേക്കും.

അക്രഡി‌റ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിംഗ് സെന്റർ തുടങ്ങേണ്ടവർ 12ാം ക്ളാസ് പാസായവരും അഞ്ച് വർഷത്തെ വാഹനമോടിച്ചുള‌ള പരിചയമുള‌ളവരും ആകണം, മോട്ടോർ മെക്കാനിക്കൽ എൻജിനീയറിംഗിൽ അംഗീകൃത സ്ഥാപനത്തിലെ സർട്ടിഫിക്കറ്റ് ഉള‌ളവരോ അംഗീകാരമുള‌ളവരോ ആകണമെന്നും കരട് വിജ്ഞാപനത്തിലുണ്ട്. സമതല പ്രദേശങ്ങളിൽ ഇതിനായി രണ്ടേക്കറും മലയോരങ്ങളിൽ ഒരേക്കറും ഭൂമി നിർബന്ധമാണ്.

സെന്ററുകളിൽ വേണ്ട മറ്റ് സൗകര്യങ്ങൾ ഇവയാണ്. രണ്ട് ക്ളാസ് മുറികൾ, മൾട്ടിമീഡിയ പ്രൊജക്‌ടർ, ബ്രോഡ്ബാന്റ് കണക്‌ടിവി‌റ്റി, ബയോമെട്രിക് അറ്റന്റൻസ് എന്നിവയാണത്. വർക്‌ഷോപ്പും കയറ്റവും ഇറക്കവും അടക്കം പരിശീലിക്കുന്നതിനുള‌ള ട്രാക്കും വേണം. ഇവയെല്ലാമുണ്ടെങ്കിൽ അഞ്ച് വ‌ർഷത്തേക്ക് പരിശീലനം അനുമതി നൽകും.

ഡ്രൈവിങ് തിയറി, ഗതാഗത വിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന യന്ത്ര അറിവ്, പബ്ലിക് റിലേഷൻ, പ്രഥമശുശ്രൂഷ, ഇന്ധനക്ഷമത തുടങ്ങിയവ തിയറി ക്ളാസിൽ പഠിപ്പിക്കും. ഹെവി വാഹനങ്ങൾക്ക് 38 മണിക്കൂർ തിയറി, പ്രാക്‌ടിക്കൽ ക്ളാസും ലൈ‌റ്റ് വാഹനങ്ങൾക്ക് 29 മണിക്കൂർ പരിശീലനവുമുണ്ടാകും.

രാജ്യത്തെ ചരക്കുനീക്ക വ്യവസായ മേഖലയിൽ മികച്ച പരിശീലനം ലഭിച്ച ഡ്രൈവർമാരുടെ സേവനം ഉറപ്പാക്കാനും, അതുവഴി റോഡപകടങ്ങൾ കുറക്കുവാനും അതുപോലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രാക്‌ടിക്കൽ പരിശീലനത്തിന് കൂടുതൽ സമയം നൽകാനുമാണ് പുതിയ കരട് വിജ്ഞാപനത്തിൽ കേന്ദ്ര നി‌ർദ്ദേശം.