വിലകൂടിയിട്ടും പ്രയോജനം ലഭിക്കാതെ പമ്പുടമകൾ

Sunday 13 June 2021 12:00 AM IST

കോട്ടയം: ഇന്ധന വിലവർദ്ധനയുടെ പ്രയോജനം ലഭിക്കാതെ പെട്രോളിയം ഡീലർമാർ. ലോക്ക് ‌ഡൗണിനെ തുടർന്ന് വിൽപ്പന കുറഞ്ഞതാണ് പമ്പുടകമൾക്ക് തിരിച്ചടിയായത്. ഈ പ്രതിസന്ധിമറികടക്കാൻ ജീവനക്കാരെ കുറയ്ക്കുകയാണ് പമ്പുടമകൾ ചെയ്യുന്നത്. അതോടെ അവരും പ്രതിസന്ധിയിലായി.

പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും വർദ്ധിക്കുന്നുണ്ടെങ്കിലും, പമ്പ് ഉടമകൾക്ക് പരമാവധി മൂന്നു രൂപ മാത്രമാണ് കമ്മീഷൻ ലഭിക്കുന്നത്. വില ഓരോ ദിവസവും വർദ്ധിക്കുമെങ്കിലും കമ്മിഷൻ നിരക്കിൽ വർദ്ധനവ് ഉണ്ടാകില്ല. മാത്രമല്ല, വർദ്ധിച്ച വില കൊടുത്തു വേണം ഓരോ ദിവസവും ഇന്ധനം സംഭരിക്കാൻ.

ഇപ്പോൾ വിൽപ്പന വളരെ കുറവാണ്. സ്വകാര്യ ബസുകളും ടാക്‌സി വാഹനങ്ങളും ഓട്ടോറിക്ഷകളും ലോറികളും ടിപ്പറുകളുമാണ് ഭൂരിഭാഗവും ഇന്ധനം നിറച്ചിരുന്നത്. ഒരു മാസമായി ഈ വരുമാനം ഏതാണ്ട് പൂർണമായും നിലച്ച അവസ്ഥയാണ്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതേയില്ല. ഒരു ദിവസം ശരാശരി രണ്ടായിരം ലിറ്റർ ഇന്ധനം വിറ്റിരുന്ന ജില്ലയിലെ പമ്പിൽ ഇപ്പോൾ വിൽപ്പന അറുനൂറ് ലിറ്ററിലും താഴെയാണ്. പെട്രോളും ഡീസലും സഹിതം ഒരു മാസം ഒന്നര ലക്ഷം ലിറ്ററെങ്കിലും വിറ്റെങ്കിൽ മാത്രമേ പമ്പുകൾക്ക് പിടിച്ചു നിൽക്കാൻ സാധിക്കൂ.

ജീവനക്കാരെ വെട്ടിക്കുറച്ചു

ഒരു ഷിഫ്റ്റിൽ മാത്രം 21 പേർ ജോലി ചെയ്‌തിരുന്ന കോട്ടത്തെ പ്രമുഖ പമ്പിൽ ജീവനക്കാരുടെ എണ്ണം ഏഴാക്കി കുറച്ചു. 21 പേരെ ഏഴു പേരുടെ മൂന്നു ഗ്രൂപ്പായി തരം തിരിച്ച് പത്തു ദിവസം മാത്രമാണ് ഇപ്പോൾ ജോലി നൽകുന്നത്. ശമ്പളത്തിലും കുറവുവരുത്തി. പ്രതിസന്ധി മറികടക്കാൻ മറ്റു മാർഗങ്ങൾ തേടുകയാണ് തൊഴിലാളികൾ.

 ഇന്ധനം വിറ്റിരുന്നത് 2000 ലിറ്റർ

 ഇപ്പോൾ വിൽക്കുന്നത് 600 ലിറ്റർ

വില വർദ്ധനവിന്റെ പേരിൽ പഴി മുഴുവൻ കേൾക്കുന്നത് പമ്പ് ഉടമകളാണ്. പ്രതിസന്ധി അനുഭവിക്കുന്നതും ഞങ്ങളാണ്. കാത്തിരിക്കുക മാത്രമാണ് പോംവഴി. മറ്റെല്ലാ വിഭാഗത്തെയും പോലെ പമ്പ് ഉടമകളും കൊവിഡിന്റെ ക്ഷീണത്തിൽ തന്നെയാണ്.

സുനിൽ എബ്രഹാം, ജില്ല പ്രസിഡൻ്റ്

പെട്രോളിയം ഡീലേഴ്സ് അസോ.

Advertisement
Advertisement