ബാഗില്‍ കൊണ്ടുനടന്നത് പണം അല്ലെങ്കില്‍ പിന്നെ എന്താണ്? ബിജെപിയും സുരേന്ദ്രനും വ്യക്തമാക്കണമെന്ന് പ്രസീത

Saturday 12 June 2021 6:51 PM IST

കോഴിക്കോട്: താൻ സി.പി.എം നേതാവ് പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും സി.കെ. ജാനുവിന് പണം നൽകിയെന്ന വിവാദത്തിൽ ​ഗൂഢാലോചനയുണ്ടെന്നുമുളള കെ. സുരേന്ദ്രന്റെ ആരോപണത്തിൽ പ്രതികരണവുമായി ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത. സി.പി.എമ്മുമായോ ജയരാജനുമായോ ഒരു ബന്ധവും ഉണ്ടായിട്ടില്ല. തങ്ങളുടേത് ഒരു പട്ടികജാതി പ്രസ്ഥാനമായതിനാലാകാം ബി.ജെ.പി ഇതിലേക്ക് സി.പി.എമ്മിനെ വലിച്ചിഴച്ചതെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

വിവാദം ഉണ്ടായതിനു ശേഷം ബി.ജെ.പി. നേതാക്കള്‍ ആരും വിളിച്ചിട്ടില്ല. പണം കൊടുത്തില്ല എന്നാണ് ബി.ജെ.പിയും സുരേന്ദ്രനും പറയുന്നത്. പണം വാങ്ങിയില്ലെന്ന് ജാനുവും പറയുന്നു. ബാഗില്‍ ഇട്ടു നടന്നു എന്ന് പറഞ്ഞത് പണം അല്ലെങ്കില്‍ പിന്നെ എന്താണെന്ന് വ്യക്തമാക്കേണ്ടത് ബി.ജെ.പിയാണ്. രഹസ്യമായി ബാഗിലിട്ട് നടന്നത് എന്താണെന്ന് ബി.ജെ.പിയും സുരേന്ദ്രനും വ്യക്തമാക്കണമെന്നും പ്രസീത ആവശ്യപ്പെട്ടു.

ജാനുവിന് പണം കൊടുത്തില്ലെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് പണം എന്തുചെയ്തു. പൈസ കൈമാറി കിട്ടിയാല്‍ മാത്രമേ പത്രസമ്മേളനം നടത്തൂ എന്നാണ് ജാനു പറഞ്ഞത്. അപ്പോഴാണ് ഇത് കൃഷ്ണദാസ് അറിയുമോ, സി.കെ. ജാനു പറയുമോ എന്ന് സുരേന്ദ്രന്‍ ചോദിച്ചത്. രണ്ട് ദിവസമായി ബാഗിലിട്ട് നടക്കുകയാണ്, റിസ്‌കാണെന്നി സുരേന്ദ്രന്‍ പറഞ്ഞതായും പ്രസീത വ്യക്തമാക്കി. ബത്തേരി ഇലക്ഷനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുണ്ടെന്നും അടുത്ത ദിവസം തന്നെ എന്‍.ഡി.എ വിടാനുള്ള തീരുമാനം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.

സി.കെ. ജാനുവിന് എൻ.ഡി.എയുടെ ഭാഗമാകാൻ പത്ത് ലക്ഷം രൂപ സുരേന്ദ്രൻ നൽകിയെന്നാണ് പ്രസീതയുടെ ആരോപണം. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയും നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു. മാർച്ച് ഏഴാം തീയതി സുരേന്ദ്രൻ നേരിട്ട് പണം നൽകിയെന്നാണ് പ്രസീത പറയുന്നത്. അതിന് ഒരു ദിവസം മുൻപ്, ആറാം തീയതി ഹോട്ടലിൽ എത്തിയ ജാനുവും പ്രസീതയും എട്ടാം തീയതി വരെ ഇവിടെ താമസിച്ചു. പ്രസീത പറയുന്ന 503ആം നമ്പർ റൂമിൽ തന്നെയായിരുന്നു താമസം.

പണം കൈമാറിയതായി പ്രസീത പറയുന്ന തലസ്ഥാനത്തെ ഹോട്ടലിൽ അതേദിവസം സി.കെ. ജാനു താമസിച്ചെന്ന് തെളിയിക്കുന്ന ഹോട്ടൽ ബിൽ പുറത്തായിരുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയാണ് റൂമെടുത്ത് നൽകിയതെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ എൻ.ഡി.എയുടെ ഘടക കക്ഷിയുടെ നേതാവായ ജാനുവിന് ബി.ജെ.പി മുറി ബുക്ക് ചെയ്ത് നൽകിയതിൽ എന്താണ് തെറ്റെന്നാണ് സുരേന്ദ്രൻ ചോദിക്കുന്നത്.

Advertisement
Advertisement