കൊവിഡ് മരണത്തിന്റെ വ്യക്തമായ കണക്ക് വേണം, സംസ്ഥാനങ്ങൾ മരണം ഓഡിറ്റ് ചെയ്യണമെന്ന് എയിംസ് ഡയറക്ടർ
ന്യൂഡൽഹി: കൊവിഡ് കാരണം മരിക്കുന്ന രോഗികളുടെ കണക്കിൽ വ്യക്തത വേണമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ.. രൺദീപ് ഗുലേറിയ ആവശ്യപ്പെട്ടു. മരണം സംബന്ധിച്ച തെറ്റായ കണക്കുകൾ കൊവിഡിനെതിരെയുളള പോരാട്ടത്തെ ബാധിക്കുമെന്നും ഗുലേറിയ പറഞ്ഞു. വ്യക്തമായ കണക്കുകൾ ലഭിക്കാൻ സംസ്ഥാനങ്ങളും ആശുപത്രികളും കൊവിഡ് മരണങ്ങൾ ഓഡിറ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൃത്യമായ വിവരങ്ങൾ കൈവശമില്ലെങ്കിൽ മരണനിരക്ക് കുറയ്ക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങൾ കൊവിഡ് മരണം കുറച്ചുകാണിക്കുന്നുവെന്നുള്ള ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് എയിംസ് ഡയറക്ടറുടെ പ്രതികരണം.
വൈറസിന്റെ ജനിതകമാറ്റവും പ്രതിരോധത്തിലെ വീഴ്ചയുമാണ്ഇന്ത്യയിലും ലോകമാകെയും കൊവിഡ് തരംഗങ്ങൾ ഉണ്ടാകുന്നതിന് കാരണം.വൈറസിന് ജനിതകമാറ്റം സ്വഭാവികമാണ്. രോഗികളുടെ എണ്ണവും മരണ സംഖ്യയും വർദ്ധിക്കുന്നതിനിടയിലും ആളുകളുടെ ശ്രദ്ധക്കുറവാണ് വൈറസിന്റെ അടുത്ത തരംഗത്തിന് വഴിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു