ശരീരത്തിൽ കാന്തിക ശക്തി: കാരണം വാക്സിനെന്ന് വാദം

Sunday 13 June 2021 12:41 AM IST

മുംബയ്: കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ശരീരത്തിൽ കാന്തിക ശക്തി ഉണ്ടായെന്ന വിചിത്ര വാദവുമായി മഹാരാഷ്ട്രയിലെ നാസിക് സ്വദേശി. തന്റെ ശരീരത്തിൽ ലോഹവസ്തുക്കൾ ഒട്ടിപ്പിടിക്കുന്ന വീഡിയോ പങ്കുവച്ചാണ് അരവിന്ദ് ജഗന്നാഥ് സോണർ (70) രംഗത്തെത്തിയത്. വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ശരീരത്തിന് മാറ്റം ഉണ്ടായതെന്നാണ് അരവിന്ദന്റെ വാദം.

ശരീരത്തിൽ ആദ്യമായി ലോഹവസ്തു ഒട്ടിപ്പിടിച്ചപ്പോൾ വിയർപ്പ് കാരണമാകും എന്നാണ് അരവിന്ദ് കരുതിയത്. തുടർന്ന് കുളിച്ച് വന്നു. എന്നാൽ അപ്പോഴും ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായില്ല. സ്പൂണുകൾ, നാണയങ്ങൾ, ചട്ടുകം എന്നിങ്ങനെ പലതരം വസ്തുക്കൾ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. വാക്സിൻ എടുത്തത് മാത്രമാണ് സാധാരണയിൽ നിന്നു വ്യത്യസ്തമായി സമീപ ദിവസങ്ങളിൽ ചെയ്തത്. അതുകൊണ്ടാണ് ഇതിനു കാരണം വാക്സിൻ ആണെന്ന് അരവിന്ദ് വാദിക്കുന്നത്.

വീഡിയോ വൈറലായതോടെ നാസിക് മുൻസിപ്പൽ കോർപ്പറേഷൻ നിയോഗിച്ച ഒരു ഡോക്ടർ അരവിന്ദിന്റെ വീട്ടിലെത്തി പരിശോധന നടത്തി. കാന്തിക ശക്തിക്ക് കാരണം വാക്സിൻ ആകില്ലെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തണമെന്നുമാണ് ഡോക്ടറുടെ നിലപാട്. നാസിക് മുനിസിപ്പൽ കോർപ്പറേഷൻ സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് വൈകാതെ മഹാരാഷ്ട്ര സർക്കാരിന് സമർപ്പിക്കും.

ഇത്തരം വാദങ്ങൾ അടിസ്ഥാനരഹിതം ആണെന്നും വാക്സിൻ എടുത്താൽ ആരുടെയും ശരീരം കാന്തികമായി മാറില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്കിംഗ് വിഭാഗം ട്വീറ്റ് ചെയ്തു.