കൊവിഡ് വൈറസ് ചൈനയിലെ ലാബിൽ നിന്ന് ചോർന്നതു തന്നെയെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞ

Sunday 13 June 2021 12:49 AM IST

ബീജിംഗ് : വുഹാനിലെ പരീക്ഷണശാലയില്‍ സൂക്ഷിച്ചിരുന്ന SARS-CoV2 വൈറസ് ചോര്‍ന്നതാണ് കൊവിഡ് വൈറസിന്റെ ഉത്ഭവത്തിന് കാരണമായതെന്ന വാദവുമായി ഇന്ത്യൻ ശാസ്ത്രജ്ഞ. കൊവിഡിന് കാരണം ചൈനയാണെന്ന് ആരോപണം ഉണ്ടെങ്കിലും തങ്ങൾക്ക് പറ്റിയ ഗുരുതരവീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമത്തിൽ അവർ വിജയിച്ചുവെന്നും, ഇക്കാര്യത്തിൽ അവശ്വസനീയമായ വാദങ്ങളാണ് ചൈന നിരത്തുന്നതെന്ന് പുണെയിലെ അഘാര്‍കര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോഎനര്‍ജി ഗ്രൂപ്പ് ശാസ്ത്രജ്ഞയായ ഡോക്ടര്‍ മൊനാലി രഹല്‍കാര്‍ പറയുന്നു.

കൊവിഡിന്റെ ഉറവിടത്തിന് കാരണമായെന്ന് പറയപ്പെടുന്ന ഹോഴ്‌സ്ഷൂ വവ്വാലുകളെ കുറിച്ച് കൂടുതൽ പഠിക്കുന്നതിനിടയിലാണ് ഇത്തരം വവ്വാലുകൾ വുഹാനിൽ കാണപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടതെന്ന് മൊനാലി പറയുന്നു. ഈ വവ്വാലുകൾ വുഹാനിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള യുനാൻ, ഗാഗ്‌ഡോങ് പ്രവിശ്യകളിലാണ് സാധാരണ കണ്ടുവരുന്നത്. ഇത്രയും ദൂരെയുള്ള വവ്വാലുകൾ വൈറസിന്റെ സംഭരണകേന്ദ്രങ്ങളാണെന്ന് ഉറപ്പിക്കാനാവില്ലെന്നും മൊനാലി ചൂണ്ടിക്കാട്ടി. സാഹചര്യത്തെളിവുകൾ പലതും ലാബിൽ നിന്നുള്ള വൈറസ് ചോർച്ചയെ ബലപ്പെടുത്തുന്നതാണെന്ന് അവർ കൂട്ടിച്ചേർത്തു. മൊനാലിയും ഭർത്താവ് ഡോക്ടർ രാഹുൽ ബാഹുലിക്കറും ചേർന്ന് കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. 2012 ൽ ചൈനയിലെ മോജിയാങ്ങിൽ ഖനിത്തൊഴിലാളികളെ ബാധിച്ച ന്യുമോണിയയെയും അതിന് കാരണമായ വൈറസിനെ കുറിച്ചും, ഇവയ്ക്ക് കൊവിഡുമായുള്ള ബന്ധത്തെ കുറിച്ചും ഇരുവരും ചേർന്ന് നടത്തിയ പഠന റിപ്പോർട്ട് 2020 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചിരുന്നു

Advertisement
Advertisement