22 ദിവസം 750 രോഗികൾ; കൊവിഡിൽ കരുതലായി വട്ടിയൂർക്കാവ് ഹെല്പ് ഡെസ്‌‌ക്

Sunday 13 June 2021 3:53 AM IST

തിരുവനന്തപുരം: കൊവിഡ് പോസിറ്റീവായെന്ന് അറിഞ്ഞാൽ ആരും കയറാൻ മടിക്കുന്ന വീടുകൾക്കുള്ളിലേക്ക് ആരോഗ്യ സേവനങ്ങളുമായി കടന്നുചെന്ന വട്ടിയൂർക്കാവ് ഹെൽപ്പ് ഡെസ്‌ക് ജനകീയമാകുന്നു. 22 ദിവസം കൊണ്ട് 750 വീടുകളിലാണ് കൊവിഡ് രോഗികൾക്ക് ആശ്വാസം പകരാൻ ഡോക്ടറും സംഘവുമെത്തിയത്. വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിലാണ് ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനം. 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് ആവശ്യമായ ഡോക്ടർമാരെയും അനുബന്ധ പ്രൊഫഷണലുകളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനം.

മൂന്ന് കൊവിഡ് രോഗികളുള്ള പൈപ്പിൻമൂട്ടിലെ വീട്ടിൽ പാമ്പ് കയറിയപ്പോൾ അവർ സഹായത്തിന് വിളിച്ചതും കൊവിഡ് ഹെൽപ്പ് ഡെസ്‌കിലേക്കാണ്. ഹെൽപ്പ് ഡെസ്‌കിലെ വോളന്റിയർമാർ പാമ്പ് പിടിത്തക്കാരനൊപ്പം വീട്ടിലെത്തി പാമ്പിനെ പിടിക്കുകയും അസ്വസ്ഥത അനുഭവപ്പെട്ടവർക്ക് പരിചരണം നൽകുകയും ചെയ്തു. നിലത്ത് വീണു കിടക്കുകയാണ്, അടിയന്തരമായി രക്ഷിക്കണമെന്ന അപേക്ഷയുമായി വിളിച്ച കൊവിഡ് രോഗിയായ വീട്ടമ്മയ്ക്കും ഹെൽപ്പ് ഡെസ്കിന്റെ സഹായമെത്തി. റസിഡന്റ്സ് അസോസിയേഷനുകളും സർവീസ് സംഘടനകളും സന്നദ്ധ സംഘടനകളും നിരവധി വ്യക്തികളും ഹെൽപ്പ് ഡെസ്‌കിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ഔഷധങ്ങളും സുരക്ഷാ സാമഗ്രികളും എത്തിച്ചു നൽകിയതോടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി.

ഹെല്പ് ഡെസ്‌ക് നമ്പർ

9633841844, 9633841845

ലോക്ക്‌ ഡൗൺ നിയന്ത്രണങ്ങൾ അവസാനിക്കുന്നതുവരെ ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനം തുടരും. ഏതു സമയത്തും സഹായം ലഭ്യമാക്കും.

വി.കെ.പ്രശാന്ത്

എം.എൽ.എ

Advertisement
Advertisement