അധിക നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം

Sunday 13 June 2021 3:56 AM IST

പരിശോധനയ്ക്ക് അയവില്ലാതെ പൊലീസ്

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ലോക്ക്ഡൗണിനൊപ്പം ശനി,​ ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം. ഇന്നലെ ജില്ലയിൽ ഒട്ടാകെ പൊലീസ് കർശന പരിശോധനയായിരുന്നു ഏർപ്പെടുത്തിയത്. അവശ്യ വിഭാഗങ്ങൾക്ക് മാത്രണാണ് പ്രവർത്താനാനുമതി ഉണ്ടായിരുന്നത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഇന്നലെ തുറന്നുപ്രവർത്തിച്ചെങ്കിലും ജനത്തിരക്ക് കുറവായിരുന്നു. ഹോട്ടലുകളിൽ ഇന്നലെ ടേക്ക് ഏവേ കൗണ്ടറുകളും പ്രവർത്തിച്ചില്ല. എന്നാൽ ഹോം ഡെലിവറി അനുവദിച്ചിരുന്നു. ചെക്കിംഗ് പോയിന്റുകളിലെല്ലാം കർശന പരിശോധനകൾക്ക് ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്. യാത്രചെയ്യാൻ ആവശ്യമായ പാസോ സത്യവാങ്മൂലമോ ഇല്ലാതെ എത്തിയവരെ പൊലീസ് താക്കീത് നൽകി പറഞ്ഞയച്ചു. അനാവശ്യമായി പുറത്തിറങ്ങിയവർക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ചപ്പാത്ത്, പ്രാവച്ചമ്പലം, കുണ്ടമൺകടവ്, വഴയില, മരുതൂർ, വെട്ടുറോഡ് എന്നിവിടങ്ങളാണ് അതിർത്തി ചെക്ക് പോയിന്റുകൾ. നഗരത്തിലും പരിശോധനയുണ്ടായിരുന്നു. ഇന്നും കർശന പരിശോധന തുടരാനാണ് പൊലീസിന്റെ തീരുമാനം. ജില്ലയിൽ ഇന്നലെ ലോക്ക്ഡൗൺ ലംഘനത്തിന് 1691കേസുകൾ രജിസ്റ്റർ ചെയ്തു. 626 പേരെ അറസ്റ്റ് ചെയ്യുകയും 1361വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

Advertisement
Advertisement