കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ ഇടിവ്; തുടർച്ചയായ ആറാം ദിവസവും രോഗം ബാധിച്ചർ ഒരു ലക്ഷത്തിൽ താഴെ

Sunday 13 June 2021 10:16 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 80,834 പേര്‍ക്ക്. കഴിഞ്ഞ എഴുപത്തിയൊന്ന് ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. തുടർച്ചയായ ആറാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാകുന്നത്. നിലവിൽ 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 3,303 കൊവിഡ് മരണങ്ങളാണ്. രോഗികളുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് കുറയാത്തതാണ് ആശങ്കയായി തുടരുന്നത്.1,32,062 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,94,39,989 ആണ്. ഇതില്‍ 2,80,43,446 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,70,384.

നിലവില്‍ 10,26,159 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വൈകുന്നേരം വരെ 25,31,95,048 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.